തീപിടുത്തത്തിൽ മരിച്ച ചാവക്കാട് സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് സ്വന്തംനിലയിൽ വീടു നിർമ്മിച്ചു നൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

കുവൈത്തിലെ മാംഗെഫിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ച ചാവക്കാട് തെക്കൻ പാലയൂർ സ്വദേശി തോപ്പിൽ വീട്ടിൽ ബിനോയ് തോമസി (44) ന്റെ കുടുംബത്തിന് സ്വന്തം നിലയിൽ വീടു നിർമ്മിച്ചു നൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.

ബിനോയിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ വെള്ളിയാഴ്ച രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ബന്ധുക്കളോടും സുഹൃത്തുക്കളോടുമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ബിനോയിയുടെ കുടുംബത്തിന് വീടില്ലെന്നും താത്കാലിക ഷെഡ്ഡിലാണ് ഭാര്യയും രണ്ടുമക്കളുമടങ്ങുന്ന കുടുംബം കഴിയുന്നതെന്നും അറിഞ്ഞതിന് പിന്നാലെയാണ് സുരേഷ്‌ഗോപിയുടെ പ്രതികരണം. വാടക വീട്ടിലായിരുന്ന കുടുംബം അടുത്തിടെയാണ് താത്‌കാലിക ഷെഡ്ഡ് നിർമിച്ച് അതിലേക്ക് താമസം മാറിയത്.