രാജ്യറാണി എക്സ്പ്രസ് തീവണ്ടിയിൽ നിന്ന് രണ്ട് യാത്രക്കാർക്ക് പാമ്പുകടിയേറ്റെന്ന സംശയം പരിഭ്രാന്തിക്കിടയാക്കി. ഷൊർണൂർ കുളപ്പുള്ളി വിഷ്ണു ആയുർവേദ ആശുപത്രിയിലെ ഡോക്ടർ നിലമ്പൂർ പൂക്കോട്ടുപാടം സ്വദേശിനി ഗായത്രി (25), ചെങ്ങന്നൂർ സ്വദേശിയായ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരി സ്വാതി എന്നിവർക്കാണ് കടിയേറ്റത്. ഇരുവരും വിദഗ്ധ ചികിത്സ തേടിയതോടെ പാമ്പുകടിയല്ലെന്ന് ബോധ്യപ്പെട്ടു.
രാജ്യറാണി എക്സ്പ്രസിൽ ചെങ്ങന്നൂരിൽ നിന്ന് കുടുംബത്തോടൊപ്പം ഷൊർണൂരിലേക്ക് വരുംവഴി തൃശ്ശൂരെത്തിയപ്പോഴാണ് സ്വാതിക്ക് വിരലിൽ കടിയേറ്റത്. എ.സി. ത്രീടയർ ബി വൺ കോച്ചിൽ ഉറങ്ങിക്കിടക്കുമ്പോൾ പുലർച്ചെ രണ്ടുമണിയോടെ സ്വാതിക്ക് കൈവിരലിൽ കടിയേൽക്കുകയായിരുന്നു. സ്വാതിയുടെ ഭർത്താവ് റെയിൽവേ ജീവനക്കാരനായതിനാൽ ഷൊർണൂർ റെയിൽവേ ആശുപത്രിയിൽ ചികിത്സതേടി.
പരിശോധനയിൽ വിഷബാധയില്ലെന്ന് കണ്ടെത്തിയതോടെ ആശുപത്രിവിട്ടു. ഈ വണ്ടി ഷൊർണൂർ-നിലമ്പൂർ വണ്ടിയായി മാറി നിലമ്പൂരിൽ നിന്ന് ഷൊർണൂരിലേക്ക് വരുന്നവഴി വല്ലപ്പുഴ സ്റ്റേഷനെത്തും മുമ്പാണ് ഡോ. ഗായത്രിക്ക് കടിയേറ്റത്.
സീറ്റിനടിയിൽ നിന്ന് കാലിൽ എന്തോ കടിക്കുകയായിരുന്നു. രാവിലെ ഏഴരയോടെയാണ് സംഭവം. വല്ലപ്പുഴ സ്റ്റേഷനിലിറങ്ങി സമീപത്തെ ക്ലിനിക്കിലെത്തി. വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ നടത്തിയ പരിശോധനയിൽ വിഷമേറ്റിട്ടില്ലെന്ന് വ്യക്തമായതായി അധികൃതർ ബന്ധുക്കളെ അറിയിച്ചു.
തീവണ്ടി ഷൊർണൂരെത്തി തിരിച്ച് നിലമ്പൂരിലേക്ക് പോകുന്നതിനുമുമ്പായി, ഡോ. ഗായത്രി യാത്രചെയ്തിരുന്ന കോച്ചിലെ യാത്രക്കാരെ പൂർണമായി ഒഴിപ്പിച്ച് ശുചീകരണ ത്തൊഴിലാളിയെയും സാങ്കേതിക ജീവനക്കാരനെയും നിയോഗിച്ചു.
വണ്ടി നിലമ്പൂരിലെത്തിയപ്പോൾ റെയിൽവേ പോലീസിന് പുറമേ, വനം ആർ.ആർ.ടി. വിഭാഗവും തീവണ്ടിയിൽ മുഴുവൻ വിശദപരിശോധന നടത്തി. പാമ്പിനെ കണ്ടെത്താനായില്ല. ഒരുപക്ഷേ, കാലിൽ കടിച്ചത് എലിയായിരിക്കുമെന്ന നിഗമനത്തിലാണ് റെയിൽവേ ഉദ്യോഗസ്ഥർ. നിരന്തരം ഇളകിക്കൊണ്ടിരിക്കുന്ന തീവണ്ടിയിൽ പാമ്പുകയറാൻ സാധ്യത കുറവാണെന്നും പറയുന്നു