പൂരാവേശത്തിലാണ് നഗരം..

തൃശൂര്‍ പൂരം. ഇന്നലെ ഉച്ചയോടെ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തള്ളിത്തുറന്ന് നെയ്തലക്കാവ് ഭഗവതി എഴുന്നള്ളിയതോടെ പൂരാവേശത്തിലാണ് നഗരം. ഇന്ന് രാവിലെ 7.30ന് കണിമംഗലം ശാസ്താവ് എഴുന്നള്ളിയെത്തുന്നതോടെ 36 മണിക്കൂര്‍ നീളുന്ന തൃശൂര്‍ പൂരത്തിന് ആരംഭം കുറിച്ചു. പതിനൊന്നരയ്ക്കാണ് കോങ്ങാട് മധുവിന്റെ പ്രമാണത്തില്‍ തിരുവമ്പാടിയുടെ മഠത്തില്‍ വരവ്. ഉച്ചക്ക് രണ്ടോടെയാണ് തേക്കിന്‍കാട് മൈതാനത്തിലെ ഇലഞ്ഞിച്ചുവട്ടില്‍ കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്വത്തില്‍ 250-ഓളം കലാകാരന്മാരുടെ ഇലഞ്ഞിത്തറ മേളം.

അഞ്ചിനാണ് പാണ്ടിമേളം കൊട്ടിയുള്ള തെക്കോട്ടിറക്കം. ആറോടെയാണ് ഭഗവതിമാരുടെ കൂടിക്കാഴ്ചയും കുടമാറ്റവും. നാളെ പുലര്‍ച്ചെ മൂന്ന് മുതല്‍ അഞ്ച് വരെയാണ് വെടിക്കെട്ട്. ഉച്ചയ്ക്ക് ഒന്നോടെ പകല്‍പ്പൂരത്തിന്റെ സമാപനത്തില്‍ ശ്രീമൂലസ്ഥാനത്ത് നടക്കുന്ന വിട പറയല്‍ ചടങ്ങോടെ തൃശൂര്‍ പൂരത്തിന് സമാപനമാകും