സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്ക് രാവിലെ ഏഴര മുതല്‍ പത്തരവരെ വേനലവധി ക്ലാസ് നടത്താം.. 

സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്ക് രാവിലെ ഏഴരമുതല്‍ പത്തരവരെ വേനലവധി ക്ലാസ് നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കി. കേരള വിദ്യാഭ്യാസ ചട്ടത്തില്‍ വ്യവസ്ഥയില്ലാത്തതിനാല്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ വേനലവധി ക്ലാസുകള്‍ നടത്താന്‍ സാധിക്കില്ല. വേനലവധി ക്ലാസുകള്‍ പൂര്‍ണമായി നിരോധിച്ച് കഴിഞ്ഞ വര്‍ഷം പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിനെതിരെ കേരള സിബിഎസ്ഇ മാനേജ്മെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയാണ് ഉത്തരവ്.

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ക്ലാസുകള്‍ നടത്താന്‍ ആവശ്യമെങ്കില്‍ സര്‍ക്കാരിനു പ്രത്യേക ഉത്തരവിറക്കാമെന്ന് ഇ എ മുഹമ്മദ് മുഷ്താഖ്, എംഎ അബ്ദുല്‍ ഹക്കീം എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

ഗവ. എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, സിഐഎസ്സി തുടങ്ങി ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹയര്‍സെക്കന്‍ഡറി വരെ അവധിക്കാലത്ത് ക്ലാസുകള്‍ നടത്തരുതെന്നായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.

അവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നത് കുട്ടികളില്‍ മാനസിക പ്രശ്നങ്ങള്‍ക്കു വഴിവയ്‌ക്കുമെന്നും വേനല്‍ക്കാലത്തെ ചൂട് കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പൊതു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ദേശീയ ബാലാവകാശ കമ്മിഷന്‌റെ ഉത്തരവിനെത്തുടര്‍ന്നാണ് ആദ്യം സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയത്. കഴിഞ്ഞവര്‍ഷം ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളെക്കൂടി ഉള്‍പ്പെടുത്തി സര്‍ക്കുലര്‍ പുതുക്കിയിറക്കിയിരുന്നു.