ലോക്ക് ഡൗൺ കാലത്തെ ആന നടത്തം..

മൃഗസംരക്ഷണ വകുപ്പിന്റെ നിർദേശപ്രകാരം ആനകളുടെ വ്യായാമ നടത്തം സംസ്ഥാനത്ത് വ്യാപകമാക്കി.
കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ആനകൾക്ക് എഴുന്നള്ളിപ്പും യാത്രകളും ഒഴിഞ്ഞപ്പോൾ രോഗബാധ ഉണ്ടാകുന്നത് ഒഴിവാക്കാനാണ് നടപടി. എഴുന്നള്ളിപ്പും നടത്തവുമില്ലാതെ ഒരേ സ്ഥലത്തുതന്നെ കെട്ടിയിടുമ്പോൾ ആനകൾക്ക് എരണ്ടക്കെട്ട് പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
തൃശൂർ ആസ്ഥാനമായ കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആനകളെ തേക്കിൻകാട്‌ മൈതാനിയിലെ കൊക്കർണി പറമ്പിലാണ് പാർപ്പിച്ചിരിക്കുന്നത്.
കൊച്ചിൻ ദേവസ്വത്തിനു എട്ട് ആനകളാണ് ഉള്ളത്. തേക്കിൻകാട് മൈതാനിയുടെ ചുറ്റുപാടുമായാണ് ആനകളെ ദിവസവും നടത്തിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. തൃശൂരിലെ പാറമേക്കാവ് ദേവസ്വത്തിന്റെ നാല് ആനകളെയും തിരുവമ്പാടി ദേവസ്വത്തിന്റെ മൂന്ന് ആനകളെയും ദിവസവും രാവിലെയും വൈകിട്ടും നടത്തിക്കുന്നുണ്ട്.
സംസ്ഥാനത്തുതന്നെ ഏറ്റവുമധികം ആനകളുള്ളത് ഗുരുവായുർ ദേവസ്വത്തിനാണ്.ആനകളുടെ എരണ്ടക്കെട്ട് ഗുരതരമായ രോഗാവസ്ഥയാണ്.അതുകൊണ്ട് ഇവിടെയും ആന നടത്തം പതിവാക്കിയിട്ടുണ്ട്.