ശ്രീകൃഷ്ണ കോളേജ് ഹോസ്റ്റലിൽ: ഭക്ഷ്യ വിഷബാധ..

ഗുരുവായൂർ : ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഹോസ്റ്റലിൽ നിന്ന് ഭക്ഷണം കഴിച്ച 16 വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ. യഥാസമയം ചികിത്സ നൽകിയതിനാൽ പ്രശ്‌നം കൂടുതൽ ഗൗരവമായില്ല. ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ഹോസ്റ്റലിൽ വെള്ളിയാഴ്ച കോഴിയിറച്ചി നൽകിയിരുന്നു. 74 പേരാണ് ഇത് കഴിച്ചത്. പലർക്കും അസ്വസ്ഥതയുണ്ടായി. പത്തിലേറെ പേർക്ക് വയറുവേദനയായിരുന്നു.

നാലുപേർക്ക് ഛർദ്ദിയും വയറു വേദനയും രണ്ടു പേർക്ക് പനിയുമായിരുന്നു. കണ്ടാണശ്ശേരി പഞ്ചായത്ത് ആരോഗ്യവിഭാഗം പരിശോധനയ്ക്കെത്തി. അവരുടെ അന്വേഷണത്തിലായിരുന്നു ഇത്രയും പേർക്ക് രോഗാവസ്ഥ കണ്ടെത്തിയത്. രോഗ ലക്ഷണങ്ങൾ കണ്ടവർക്ക് അടിയന്തര ചികിത്സയും ഭക്ഷണവും നൽകി. എല്ലാവരേയും പരിശോധിക്കാനായി ഡോക്ടർമാരുടെ നേതൃത്വത്തിൽ ഞായറാഴ്ച പ്രത്യേകമായി മെഡിക്കൽ ക്യാമ്പും നടത്തുകയുണ്ടായി.

ഹോസ്റ്റലിൽ ഇറച്ചി ഭക്ഷണം പൊതുവെ ഉണ്ടാകാറില്ലെന്നും സ്‌പെഷ്യൽ ഭക്ഷണം ആകാമെന്നു വിചാരിച്ചായിരുന്നു കോഴിയിറച്ചി നൽകിയതെന്നും കോളേജുമായി ബന്ധപ്പെട്ടവർ പറഞ്ഞു. ഭക്ഷണമെത്തിച്ച ഏജൻസിയുടെ ലൈസൻസും രേഖകളും ആരോഗ്യസംഘം പരിശോധിച്ചു. ഹോസ്റ്റലിലെ അടുക്കളയും ഭക്ഷണവിതരണ ചുറ്റുപാടുകളും പരിശോധന നടത്തി.