സ്കോളർഷിപ്പിന്റെ പേരിൽ വ്യാജ വാട്സാപ് സന്ദേശം..

announcement-vehcle-mic-road

പത്താം ക്ലാസിനും പ്ലസ്ടുവിനും ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കു സ്കോളർഷിപ് നൽകുമെന്ന വ്യാജ വാഗ്ദാനവുമായി വാട്സാപ് സന്ദേശം. അന്തരിച്ച മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുൽ കലാം, മുൻ പ്രധാനമന്ത്രി എ.ബി.വാജ്പേയ് എന്നിവരുടെ പേരിലുള്ള സ്കോളർഷിപ്പാണെന്നു പറഞ്ഞാണു സന്ദേശം.

പത്താം ക്ലാസിൽ‌ 75 ശതമാനം മാർക്ക് വാങ്ങുന്ന വിദ്യാർഥികൾക്ക് 10000 രൂപയും 85 ശതമാനത്തിനു മുകളിൽ മാർക്കുള്ള പ്ലസ്ടു വിദ്യാർഥികൾക്ക് 25000 രൂപയുമാണു വാഗ്ദാനം. സന്ദേശം ലഭിച്ചവർ വായിച്ചയുടനെ അടുത്ത ഗ്രൂപ്പുകളിലേക്കു തട്ടുകയാണ്. അപേക്ഷാ ഫോം പഞ്ചായത്ത്, മുനിസിപ്പൽ ഓഫിസിൽ നിന്നു വിതരണം ചെയ്യുമെന്നും ഇതു പൂരിപ്പിച്ച് ഏൽപിക്കണമെന്നു കൂടിയുള്ള സന്ദേശം കണ്ട് ഒട്ടേറെപ്പേരാണ് ഓഫിസുകളിലെത്തുന്നതെന്ന് ജീവനക്കാർ പറഞ്ഞു. വാട്സാപ് സന്ദേശം തികച്ചും വ്യാജമാണെന്നു വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ പറഞ്ഞു. ഔദ്യോഗികമായ വിവരങ്ങൾ വിദ്യാർഥികളെ അറിയിക്കുമെന്നും പറഞ്ഞു.