രൂപം മാറ്റിയ വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് നല്‍കരുത്, ഓരോ രൂപമാറ്റത്തിനും 5000 പിഴ ഈടാക്കാം- ഹൈക്കോടതി..

നിയമവിരുദ്ധമായി രൂപമാറ്റം നടത്തിയ വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകരുതെന്ന് ഹൈക്കോടതി. ഇവയെ മോട്ടോർ വാഹന നിയമം പാലിക്കുന്നതായി കണക്കാക്കാനാവില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രന്റെ ഉത്തരവ്. മൾട്ടികളർ എൽ.ഇ.ഡി, ലേസർ, നിയോൺലൈറ്റുകൾ തുടങ്ങിയവ ഘടിപ്പിക്കുന്നതും നിയമ വിരുദ്ധം ആണെന്ന് കോടതി വ്യക്തമാക്കി.

ഇത്തരം വാഹനങ്ങൾക്ക് മോട്ടോർവാഹന നിയമ പ്രകാരമുള്ള ശിക്ഷയ്ക്കുപുറമേ ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം പിഴയീടാക്കാനും നിർദേശിച്ചു. പിടികൂടുന്ന വാഹനങ്ങൾ വിട്ടുനൽകുന്നതിന് മുൻമ്പ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.

റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് പോലീസ്, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്ന 2019-ലെ കോടതി ഉത്തരവ് ലംഘിക്കുന്നതായി ചൂണ്ടിക്കാട്ടി ഓൾ കേരള ട്രക്ക് ഓണേഴ്സ് അസോസിയേഷനാണ് ഹർജി നൽകിയത്.

വാഹനത്തിന്റെ നിറത്തിൽ ഉൾപ്പെടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തി മാറ്റാനും അനുമതിയുണ്ട്. വാഹനത്തിൽ നിന്ന് പുറത്തേക്ക് തള്ളി നിൽക്കുന്ന അലോയി വീൽ, കാഴ്ച മറയ്ക്കുന്ന കർട്ടണുകളും കൂളിങ്ങും, അതിതീവ്ര പ്രകാശമുള്ള ലൈറ്റുകൾ, എക്സ്ഹോസ്റ്റിൽ വരുത്തുന്ന മാറ്റം, ക്രാഷ്ഗാർഡുകൾ ഘടിപ്പിക്കുന്നത്, നമ്പർ പ്ലേറ്റിൽ അലങ്കാരപ്പണികൾ വരുത്തുന്നത് തുടങ്ങിയവയെല്ലാം നിയമ ലംഘനങ്ങളുടെ പരിധിയിൽ വരുന്നവയാണ്.