തൃശൂര്‍ അവനൂരില്‍ പിതാവിനെ കടലക്കറിയില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്തി കൊല്ലപ്പെട്ട ശശീന്ദ്രന്റെ മകന്‍..

തൃശൂര്‍ അവനൂരില്‍ പിതാവിനെ കടലക്കറിയില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്തി കൊല്ലപ്പെട്ട ശശീന്ദ്രന്റെ മകന്‍ മയൂര്‍നാഥ്. ഏറെ നാളത്തെ ആലോചനകള്‍ക്കൊടുവിലാണ് അച്ഛനെ കൊലപ്പെടുത്താനുള്ള രാസക്കൂട്ട് തയാറാക്കിയതെന്നും പ്രതി പൊലീസിനോട് വ്യക്തമാക്കി.

ശശീന്ദ്രന്റെ ആദ്യ ഭാര്യയിലെ മകനാണ് മയൂര്‍നാഥ്. തന്റെ അമ്മയെ വേണ്ട വിധം അച്ഛന്‍ സംരക്ഷിച്ചില്ലെന്നാണ് മയൂര്‍നാഥ് പൊലീസിന് മൊഴി നല്‍കിയത്. ഇതില്‍ കാലങ്ങളായി തനിക്ക് പിതാവിനോട് പകയുണ്ടായിരുന്നു. പിതാവിനോട് മാത്രമായിരുന്നു തന്റെ പക. രണ്ടാനമ്മയോട് സ്‌നേഹമോ വിദ്വേഷമോ ഇല്ലെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി.

പിതാവിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തന്റെ പദ്ധതിയെന്നും എന്നാല്‍ വീട്ടില്‍ ഉള്ള മറ്റുള്ളവരും തോട്ടത്തിലെ തൊഴിലാളികളും കുഴഞ്ഞു വീണതോടെ ഇതിനുള്ള ശ്രമം ഉപേക്ഷിച്ചു.

വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിച്ച ശേഷം ദേഹാസ്വാസ്ഥ്യമുണ്ടാകുകയും ഇതേത്തുടര്‍ന്ന് ശശീന്ദ്രന്‍ മരണത്തിന് കീഴടങ്ങുകയുമായിരുന്നു. വീട്ടിലുണ്ടാക്കിയ ഭക്ഷണം മയൂര്‍നാഥ് മാത്രം കഴിയ്ക്കാത്തത് എന്തുകൊണ്ടാണെന്ന സംശയം കേസിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഉയര്‍ന്നിരുന്നു.

25 വയസുകാരനായ മയൂര്‍നാഥ് ആയുര്‍വേദ ഡോക്ടറുമാണ്. സ്വത്ത് ആവശ്യപ്പെട്ട് ഇയാളും പിതാവുമായി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. സ്വത്തിനുവേണ്ടിയാണ് ഇയാള്‍ അച്ഛനും അമ്മയ്ക്കും ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. രാസവസ്തുക്കള്‍ ഓണ്‍ലൈനായി വാങ്ങി അവ കൂട്ടിക്കലര്‍ത്തി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

ഇഡ്ഡലിയും കടലക്കറിയും സാമ്പാറുമാണ് അന്നേ ദിവസം വീട്ടിലുണ്ടാക്കിയത്. ശശീന്ദ്രനും ഭാര്യയ്ക്കും മാത്രമല്ല പുറംപണികള്‍ക്കായി അന്ന് വീട്ടിലെത്തിയ തൊഴിലാളികള്‍ക്കും ഈ ഭക്ഷണം കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. മയൂര്‍നാഥ് ഭക്ഷണം കഴിയ്ക്കാത്തതും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയ രാസവസ്തുക്കളുടെ സാന്നിധ്യവും പൊലീസിന് സംശയമുണ്ടാക്കിയിരുന്നു. തുടര്‍ന്ന് മയൂര്‍നാഥിനെ സ്റ്റേഷനിലെത്തിച്ച് പൊലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് സംഭവം കൊലപാതകം തന്നെയെന്ന് സ്ഥിരീകരിക്കുന്നത്