ഇരിങ്ങാലക്കുട: 12 പവനടങ്ങിയ പഴ്സ് ബസ് യാത്രയ്ക്കിടയിൽ മോഷണം പോയതായി പരാതി. പുല്ലൂർ പൊഴോലിപ്പറമ്പിൽ ജോയിയുടെ ഭാര്യ സിൽജയുടെ ഹാൻഡ് ബാഗിനുലെ മിനി ബാഗിൽ സൂക്ഷിച്ചിരുന്ന രണ്ട് തടവള, പാദസരം, അരഞ്ഞാണം, കമ്പിവള, മോതിരം, നെക്ലേസ് എന്നിവയാണ് നഷ്ടപ്പെട്ടത്.
ഇരിങ്ങാലക്കുടയിൽ സ്വകാര്യ കമ്പനിയിൽ ജോലിക്കാരിയാണ് സിൽജ, വ്യാഴാഴ്ച രാവിലെ ഒമ്പതരയ്ക്കു ശേഷം ഇരിങ്ങാലക്കുട ചാലക്കുടി റൂട്ടിലോടുന്ന അനുകൃഷ്ണ ബസിൽ പുല്ലൂരിൽ നിന്ന് ഇരിങ്ങാലക്കുടയിലേക്ക് വരുമ്പോഴായിരുന്നു സംഭവം.
ഹാൻഡ് ബാഗിന്റെ ഒരു വശത്തുള്ള അറയിൽ ചെറിയ ബാഗിലാണ് സ്വർണാഭരണങ്ങൾ വെച്ചിരുന്നത്. ചന്തക്കുന്നിലിറങ്ങി ഓഫീസിലെത്തി ബാഗ് തുറന്നു നോക്കിയപ്പോഴാണ് സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടത് മനസ്സിലായത്. അവിട്ടത്തൂരിലും പുല്ലൂരിലും അടുത്തിടെയുണ്ടായ മോഷണങ്ങൾ ഭയന്നാണ് സ്വർണം കൈവശം വെച്ചതെന്ന് ഭർത്താവ് ജോയി പറഞ്ഞു.