വീടു കുത്തിത്തുറന്ന് 53 പവൻ മോഷ്ടിച്ച പ്രതി പിടിയിൽ..

മണ്ണുത്തി ∙ ചിറക്കാക്കോട് തൃപ്പാക്കൽ ചന്ദ്രന്റെ വീടു കുത്തിത്തുറന്ന് 53 പവൻ മോഷ്ടിച്ച പത്തനംതിട്ട വടശേരിക്കര വാഴയിൽ പുത്തൻവീട്ടിൽ ഷിബുവിനെ (43) പൊലീസ് അറസ്റ്റ് ചെയ്തു. സ്വർണം പണയംവയ്ക്കാൻ സഹായിച്ച സുഹൃത്ത് ചിറക്കാക്കോട് സ്വദേശി ലതീഷും പിടിയിലായി.

വീട് വൃത്തിയാക്കാൻ വന്ന സ്ത്രീ പിറകിലെ വാതിൽ തകർത്തിരിക്കുന്നതു കണ്ട് നാട്ടുകാരെ അറിയിക്കുക യായിരുന്നു. ബന്ധുക്കളും നാട്ടുകാരും ചേർന്ന് വീട് പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.

സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പത്തനംതിട്ടയില നിന്നു വന്ന് 7 വർഷമായി ചിറക്കാക്കോട്ടിൽ വാടകയ്ക്കു താമസിക്കുകയാണ് ഷിബു.

നഷ്ടപ്പെട്ട സ്വർണത്തിന്റെ ഭൂരിഭാഗവും ഷിബുവിന്റെ വീട്ടിൽ കണ്ടെത്തി. ബാക്കി സ്വർണം ലതീഷിന്റെ സഹായത്തോടെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ചിരിക്കുകയായിരുന്നു.