
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച കെ.എസ്.യു. വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. ഉന്നത വിദ്യാഭ്യാസമേഖലയെ സംരക്ഷിക്ക ണമെന്നാ വശ്യപ്പെട്ടായിരുന്നു കെ.എസ്.യു. സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാർച്ച്. മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.
പ്രതിപക്ഷ നേതാവ് ഉദ്ഘാടന പ്രസംഗം നടത്തിപോയതിന് പിന്നാലെയാണ് മാർച്ചിൽ സംഘർഷമുണ്ടായത്. പോലീസ് മൂന്ന് തവണ പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. തുടർന്നും പ്രവർത്തകർ പ്രതിഷേധവുമായി നിലയുറപ്പിച്ചതോടെ ഇവർക്കെതിരെ കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു.
സംഘർഷത്തിൽ കെ.എസ്.യു. സംസ്ഥാന നേതാക്കൾക്കും ഏതാനും പോലീസുകാർക്കും പരിക്കേറ്റു. പത്തോളം നേതാക്കളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ഇതിനെത്തുടർന്നാണ് വിദ്യാഭ്യാസ ബന്ദിന് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തിരിക്കുന്നത്. കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പ് മുടക്കുമെന്ന് നേതാക്കൾ അറിയിച്ചു.