
വിയ്യൂർ വില്ലടം ഗ്രൌണ്ടിനടുത്തുള്ള വാട്ടർ ടാങ്കിനു മുകളിൽ ഒരാൾ കയറി ആത്മഹ ത്യാ ഭീഷണി നടത്തുന്നുണ്ട്. എത്രയും പെട്ടന്ന് അവിടെയെത്തുക. ഫോൺ അറ്റൻറ് ചെയ്ത സീനിയർ സിവിൽ പോലീസ് ഓഫീസർ ടി.സജു ഇക്കാര്യം ഇൻസ്പെക്ടർ സൈജു കെ പോളിനെ അറിയിച്ചു. വാഹനങ്ങളെല്ലാം ഡ്യൂട്ടി സംബന്ധമായി അല്പം ദൂരെയായതിനാൽ മറ്റു വാഹനങ്ങളും ഉണ്ടായിരുന്നില്ല. എത്രയും പെട്ടന്ന് അങ്ങോട്ട് എത്തിചേരാൻ ഇൻസ്പെക്ടർ അറിയിക്കുകയും ചെയ്തു.
സങ്കീർണ്ണീമായ സാഹചര്യം മനസ്സിലാക്കിയ സജു സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർമാരായ അനീഷിനേയും ഹരീഷിനേയും വില്ലടം ഗ്രൗണ്ടിലേക്ക് പറഞ്ഞയച്ചു.
എത്രയും പെട്ടന്നുതന്നെ ഗ്രൌണ്ടിനു സമീപമെത്തിയ അവർ കണ്ടത് ടാങ്കിനു മുകളിൽ ഒരാൾ കയറി ആത്മ ഹത്യ ഭീഷണി മുഴക്കുന്നതാണ്. താഴെ നിന്ന് അയാളുടെ മകൻ, അച്ഛനോട് ഇറങ്ങിവരാനായി കെഞ്ചി പറയുന്നുണ്ടായിരുന്നു. ആരെങ്കിലും മുകളിലേക്ക് കയറിയാൽ അയാൾ താഴേക്ക് ചാടി ആത്മ ഹത്യ ചെയ്യുമെന്ന് തുടരെ തുടരെ ഭീഷ ണിമുഴക്കുകയും ചെയ്തിരുന്നു.
താഴെ നിന്ന് അനീഷും ഹരീഷും പലവട്ടം അയാളോട് താഴേക്കിറങ്ങാൻ അഭ്യർത്ഥിച്ചിട്ടും കാര്യമുണ്ടായില്ല. ഒരു നിമിഷത്തിൽ ടാങ്കിൻെറ മറുവശത്തേക്ക് അയാൾ നീങ്ങി പോയ തക്കംനോക്കി അനീഷ് നിമിഷ വേഗത്തിൽ ടാങ്കിലേക്കുള്ള ഇരുമ്പ് ഗോവണിയിലൂടെ മുകളിൽ കയറി പറ്റി. അയാളുടെ പുറകിലൂടെ ശബ്ദമില്ലാതെ അടുത്തെത്തി അയാളെ ബലമായി പിടികൂടുകയും ചെയ്തു.
ഒരു മൽപിടുത്തം നടന്നാൽ രണ്ടു പേരുടേയും ജീവനു തന്നെ ഭീഷണിയാകുമെന്നു മനസ്സിലാക്കിയ അനീഷ്, ടാങ്കിനു മുകളിൽ വെച്ച്, വളരെ സൗമ്യമായി അയാളോട് സംസാരിച്ചു. അല്പം നേരത്തിനു ശേഷം അയാളെ ശാന്തനാക്കി സുരക്ഷിതമായി താഴേക്ക് ഇറങ്ങുന്നതിനു സമ്മതിപ്പിച്ചു. അപ്പോഴാണ് അമിതമായി മദ്യപിച്ചിരുന്ന ആളുടെ കയ്യിൽ ഒരു ബ്ളേഡ് ഒളിപ്പിച്ചു വച്ചതായി കണ്ടത്.
അനീഷ് വളരെ സൗമ്യമായി സംസാരിച്ച് വീടുസംബന്ധമായോ മറ്റു എന്തു പ്രശ്നങ്ങൾ ഉണ്ടെങ്കിലും നമുക്ക് പരിഹരിക്കാം എന്ന് വാക്കുകൊടുത്ത് അദ്ദേഹത്തെ ശാന്തനാക്കി. നമുക്ക് പോലീസ് സ്റ്റേഷനിൽ പോയി ഇൻസ്പെക്ടർ സൈജുസാറുമായി സംസാരിക്കാം എന്നെല്ലാം അനുനയത്തിൽ പറഞ്ഞ് അയാളുടെ കൈവശമുണ്ടായിരുന്ന ബ്ളേഡ് വാങ്ങി, പതുക്കെ ഗോവണിയിലൂടെ താഴെയിറങ്ങി. ഇതു കണ്ട് താഴെ കൂടി നിന്നവർക്കെല്ലാം ആശ്വാസമായി.
പോലീസ് സ്റ്റേഷനിൽ എത്തിച്ച അയാൾക്ക് കുടുംബ സംബന്ധമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് ഇൻസ്പെക്ടർ സൈജു പോൾ ഉറപ്പു നൽകുകയും, എത്രയും പെട്ടന്ന് കൌൺസിലിങ്ങിന് വിധേയമാക്കുവാൻ നിർദ്ദേശിച്ച് കുടുംബാംഗങ്ങൾക്കൊപ്പം വീട്ടിലേക്ക് പറഞ്ഞു വിട്ടു.
സന്ദർഭോചിതമായ കർത്തവ്യനിർവ്വഹണത്തിലൂടെ ആത്മ ഹത്യാശ്രമത്തിൽ നിന്നും രക്ഷിച്ച സിവിൽ പോലീസർമാരായ ടി. അനീഷ്, ഹരീഷ് എന്നിവർക്ക് അഭിനന്ദനങ്ങൾ. ആത്മ ഹത്യ ഒന്നിനും പരിഹാരമല്ല. വിദഗ്ദരുടെ സഹായം തേടുക. വിളിക്കൂ: 1056, 0471 – 2552056. 24 മണിക്കൂറും പോലീസ് സഹായത്തിന് വിളിക്കൂ – 112.