
പാലക്കാട്: വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നു വെന്ന് നാട്ടുകാര്‍. ജിപിഎസ് പരിശോധിച്ചതിൽ വേഗത 97.5 കിലോമീറ്റർ ആയിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. വാളയാര്‍ വടക്കഞ്ചേരി മേഖലയിലെ കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപം വെച്ചാണ് അപകട മുണ്ടായത്.
അഞ്ചു മണിയ്ക്ക് പോകുമെന്ന് പറഞ്ഞ ബസ് സ്കൂളില്‍ എത്തിയത് രണ്ടു മണിക്കൂര്‍ വൈകിയാണ്. ശ്രദ്ധിച്ചുപോകണമെന്ന് ഡ്രൈവറോട് പറഞ്ഞിരുന്നതായും അപകടത്തില്‍പ്പെട്ട കുട്ടിയുടെ അമ്മ പറഞ്ഞു. വേളാങ്കണ്ണി ട്രിപ്പിന് ശേഷം ബസ് നേരെ സ്കൂളിലേക്ക് വിനോദയാത്ര പോകാനായി എത്തുകയായിരുന്നു.
ഡ്രൈവർ ക്ഷീണിതനായിരുന്നു വെന്നും രക്ഷിതാക്കൾ പറഞ്ഞു. ബസ് അമിത വേഗതയിലാണ് പോയതെന്നും ഇതേക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ സാരമില്ലെന്ന് ഡ്രൈവര്‍ പറഞ്ഞതായും കുട്ടികള്‍ പറഞ്ഞു. ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നുവെന്ന് കെഎസ്ആര്‍ടിസി ഡ്രൈവറും പറഞ്ഞു.
മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലേക്കു പാഞ്ഞു കയറിയത്. ബസില്‍ ഇടിച്ച ശേഷം ടൂറിസ്റ്റ് ബസ് ചതുപ്പിലേക്ക് മറിയുക യായിരുന്നു.
അപകടത്തില്‍ അഞ്ചു കുട്ടികളും അധ്യാപകനും കെഎസ്ആര്‍ടിസി ബസിലെ മൂന്നു യാത്രക്കാരുമാണ് മരിച്ചത്.
എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. 41 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരും അടക്കം 48 പേരാണ് വിനോദയാത്രാ സംഘം സഞ്ചരിച്ച ബസിലുണ്ടായിരുന്നത്. കെഎസ്ആര്‍ടിസി ബസില 49 യാത്രക്കാരുണ്ടായിരുന്നു.