ഭാരത് ജോ‍‍ഡോ പദയാത്ര ഇന്ന് വൈകിട്ട് തേക്കിൻകാട് മൈതാനിയിൽ.. തൃശൂർ പൂരം കുടമാറ്റത്തെ അനുസ്മരിപ്പി ച്ചു കൊണ്ടുള്ള കലാവിരുന്നോടെയാകും സ്വീകരിക്കുക.

തൃശൂർ ∙ ഭാരത് ജോ‍‍ഡോ പദയാത്ര ഇന്ന് വൈകിട്ട് തേക്കിൻകാട് മൈതാനിയിൽ എത്തുമ്പോൾ തൃശൂർ പൂരം കുടമാറ്റത്തെ അനുസ്മരിപ്പി ച്ചു കൊണ്ടുള്ള കലാവിരുന്നോടെയാകും സ്വീകരിക്കുക. ജില്ലയിലെ രണ്ടാം ദിവസത്തെ ജോഡോ പദയാത്ര ഇന്ന് രാവിലെ 6.30ന് ചാലക്കുടി പേരാമ്പ്ര അപ്പോളോ ടയേഴ്സിന് മുൻപിൽ നിന്നാണ് ആരംഭിക്കുക.

11 മണിക്ക് യാത്ര ആമ്പല്ലൂരിൽ എത്തും. ഉച്ചഭക്ഷണത്തിനു ശേഷം 4ന് തലോറിൽ നിന്ന് (ഓർമ മാർബിൾസ്) ആരംഭിക്കുന്ന യാത്ര ഒല്ലൂർ, കുരിയച്ചിറ, ശക്തൻ സ്റ്റാൻഡ്, പട്ടാളം റോഡ്, എംഒ റോഡിലൂടെ സ്വരാജ് റൗണ്ടിൽ കയറി നഗരം ചുറ്റിയാണ് തെക്കേ ഗോപുര നടയിലെ പൊതുസമ്മേളന വേദിയിൽ എത്തുക.

സാംസ്കാരിക കേരളത്തിലെ മുഴുവൻ കലാരൂപങ്ങളും അരങ്ങേറുന്ന സ്വീകരണ ചടങ്ങിൽ 151 വനിതകൾ 151 പട്ടുക്കുടകളുമായി കുടമാറ്റത്തിന്റെ പ്രതീകങ്ങൾ സൃഷ്ടിക്കുമെന്ന് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു.

പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ 151 കലാകാരൻമാർ അണിനിരക്കുന്ന മേളം ഇവിടെയും സ്വീകരണത്തിനു മാറ്റു കൂട്ടും. പുലിക്കളി, കുമ്മാട്ടി, കാവടി, തെയ്യം, തിറ, തിരുവാതിര, ദഫ് മുട്ട്, മാർഗംകളി, കോൽക്കളി, കളരിപ്പയറ്റ്, പഞ്ചവാദ്യം, നാഗസ്വരം, ശിങ്കാരിമേളം ഉൾപ്പെടെ എല്ലാവിധ വാദ്യമേളങ്ങളും പദയാത്രയ്ക്ക് അകമ്പടിയായി ഉണ്ടാകും.