വടക്കുംമുറി കുമ്മാട്ടിയോടെ കിഴക്കുംപാട്ടുകര കുമ്മാട്ടി സമാപിച്ചു…

തൃശൂർ∙ വടക്കുംമുറി കുമ്മാട്ടിയോടെ കിഴക്കുംപാട്ടുകര കുമ്മാട്ടി സമാപിച്ചു. കുമ്മാട്ടിയുടെ ചരിത്രത്തിലാദ്യമായി മൂന്നു വനിതാ കുമ്മാട്ടികൾ ഇറങ്ങിയെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഏറ്റവും പഴക്കം ചെന്ന കുമ്മാട്ടികളിലൊന്നാണു കിഴക്കുംപാട്ടുകര കുമ്മാട്ടി.

പർപ്പടക പുല്ലും മരത്തിൽ കൊത്തിയെടുത്ത മുഖവുമായാണു കുമ്മാട്ടികൾ ഒരുങ്ങുന്നത്. പരമ്പരാഗത രീതിയിൽ തുടർച്ചയായി 3 ദിവസം കുമ്മാട്ടി നടക്കുന്ന ഇവിടെ തിരുവോണ ദിവസം പൃഥിയുടേയും രണ്ടാം ദിവസം തെക്കുംമുറിയുടേയും കുമ്മാട്ടി നടന്നിരുന്നു. ഇന്നലെ പൂരത്തിലെ പങ്കാളിയായ പനമുക്കുംപള്ളി ശാസ്താവിന്റെ നടയിൽ നിന്നാണു കുമ്മാട്ടി തുടങ്ങിയത്.

ഇന്നലെ 8 ക്ലബ്ബുകളാണു കുമ്മാട്ടിയിൽ വടക്കുംമുറി ദേശത്തിനു കീഴിൽ അണി നിരന്നത്. രാജർഷി ഫുട്ബോൾ ക്ലബ്, ഫ്രൻസ് ഓഫ് രാജർഷി,സംഗമം, ഐശ്വര്യ,സമന്വയം,ശിവ, അസ്ത്ര എന്നിവർക്കൊപ്പം ദേശകുമ്മാട്ടിയും ചേർന്നു.  ഭക്തരുടെ വീടുകളിലെത്തി നൃത്തംചവിട്ട ആന്ദപ്പിക്കാനായി പരമശിവൻ അയച്ച ഭൂതഗണങ്ങളുടെ നൃത്തമായാണ് കുമ്മാട്ടി ഉത്സവത്തെ വിശേഷിപ്പിക്കുന്നത്.