
തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ഓണക്കാലത്ത് പൊതുജന സുരക്ഷ ഉറപ്പാക്കാന്‍ തൃശൂര്‍ സിറ്റി പോലീസ് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു. പൊതുജനങ്ങള്‍ ഒത്തുകൂടുന്നിടത്തെല്ലാം കൂടുതല്‍ പോലീസുദ്യോഗസ്ഥരെ ഡ്യൂട്ടിക്കായി വിന്യസിച്ചു.
തൃശൂര്‍ നഗരത്തെ സോണുകളും സെക്ടറുകളുമായി തിരിച്ച്, പകലും രാത്രിയും പോലീസ് വാഹന പട്രോളിങ്ങും, കാല്‍നട പട്രോളിങ്ങും ഏര്‍പ്പടുത്തി. നഗരത്തില്‍ വാഹന ഗതാഗതം സുഗമമാക്കാന്‍ ട്രാഫിക് പ്ലാന്‍ നടപ്പിലാക്കുമെന്നും സിറ്റി പൊലീസ് അറിയിച്ചു.
സ്ത്രീകളും കുട്ടികളും എത്തിച്ചേരുന്ന ഷോപ്പിങ്ങ് കേന്ദ്രങ്ങള്‍, തേക്കിന്‍കാട് മൈതാനം, മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം വനിതാ പോലീസുദ്യോഗസ്ഥരടങ്ങുന്ന സംഘം ഡ്യൂട്ടിയിലുണ്ടാകും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി പിങ്ക് പോലീസ് പട്രോളിങ്ങ് ശക്തമാക്കും. കൂടാതെ വനിതാ പോലീസുദ്യോഗസ്ഥരെ മഫ്ടി വേഷത്തിലും വിന്യസിക്കും.
ഓണക്കാലത്ത് അനധികൃത മദ്യവാറ്റ്, വില്‍പ്പന എന്നിവ തടയുന്നതിന് എല്ലാ പോലീസ് സ്റ്റേഷന്‍ പരിധികളിലും അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിന് പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് അന്വേഷണം നടത്തും.
കഞ്ചാവ്, മറ്റിതര മയക്കുമരുന്ന് ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന വരേയും, ഉപയോക്താക്കളേയും കണ്ടെത്താന്‍ ഷാഡോ പോലീസ് സംഘം 24 മണിക്കൂറും പ്രവര്‍ത്തിക്കും. അന്വേഷണത്തിന് പോലീസ് ഡോഗ് സ്‌ക്വാഡിന്റെയും, വിദഗ്ദരുടേയും സേവനം ലഭ്യമാക്കും.