
ഷിഗെല്ല രോഗം സ്ഥിരീകരിച്ച
തൃശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് പരിസരത്തെ സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പിന്റെ പരിശോധന. മൂന്ന് കടകൾക്ക് നിർദേശങ്ങളും നൽകി. ശുചിത്വമില്ലായ്മ കണ്ടെത്തിയ ഒരു ബേക്കറി അടപ്പിച്ചു. എൻജിനീയറിങ് കോളേജ് ഹോസ്റ്റലിലെ ഒരു വിദ്യാർത്ഥിക്ക് ആണ് ഷിഗെല്ല സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങളുള്ള മുപ്പതോളം വിദ്യാർത്ഥികൾ നിരീക്ഷണത്തിലാണ്.
പുറത്ത് നിന്ന് ഭക്ഷണം കഴിച്ചതാണ് രോഗ ബാധക്ക് കാരണമെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ പരിശോധന. കടകൾ, ഹോട്ടലുകൾ, ശീതള പാനീയ വിൽപ്പന കേന്ദ്രങ്ങൾ, ലഘു ഭക്ഷണ ശാലകൾ എന്നിവിടങ്ങളിലെല്ലാം പരിശോധന നടത്തുന്നുണ്ട്. കോളേജിന് സമീപത്തായി പ്രവർത്തിക്കുന്ന ബേക്കറി ആണ് അടപ്പിച്ചത്.
രണ്ട് ഹോസ്റ്റലുകളിലായി 500 ആൺകുട്ടികളും, 450 പെൺകുട്ടികളുമാണ് താമസിക്കുന്നത്. വയറിളക്കം, ഛർദി തുടങ്ങിയ രോഗലക്ഷണങ്ങളുള്ള മുപ്പതോളം വിദ്യാർത്ഥികളുണ്ട്.
വിദ്യാർത്ഥികൾക്കിടയിൽ ഷിഗെല്ല രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് ഹോസ്റ്റലിൽ കഴിയുന്നവരെ കഴിഞ്ഞ ദിവസം പരിശോധിച്ചത്. ഇതിൽ ഒരു പെൺകുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്.
വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും, ഭക്ഷ്യ സുരക്ഷാ വകുപ്പും ഹോസ്റ്റലിലും കോളേജിലും പരിശോധന നടത്തിയിരുന്നു. ചൊവ്വാഴ്ചയാണ് വിദ്യാർത്ഥികളിൽ രോഗ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. രോഗ വ്യാപനം കണക്കിലെടുത്ത് കോളേജ് യൂണിയൻ കലോത്സവം മാറ്റിവച്ചിട്ടുണ്ട്.