സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും. ഈ വര്‍ഷത്തെ പ്രവേശനോത്സവം കഴക്കൂട്ടം ജി.വി.എച്ച്‌.എസില്‍ രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കോവിഡിന്റെ അതിതീവ്രഘട്ടം പിന്നിട്ട് സജീവമായ ഒരു അധ്യയന വര്‍ഷത്തിലേക്ക് കടക്കുകയാണെന്ന് മന്ത്രി പറഞ്ഞു

പ്രവേശനോത്സവം സ്‌കൂള്‍ പ്രിന്‍സിപ്പല്‍/ ഹെഡ്മാസ്റ്റര്‍മാരുടെ നേതൃത്വത്തില്‍ നാട്ടിലെ ഉത്സവമായിത്തന്നെ നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. സ്കൂള്‍ പരിസരങ്ങളില്‍ സമ്പൂർണ ശുചീകരണം നടത്തണം. സ്‌കൂള്‍ പരിസരത്ത് ഇഴജന്തുക്കളുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പുവരുത്തണം. കുടിവെള്ള ടാങ്കുകള്‍ ജലസ്രോതസ്സുകള്‍ തുടങ്ങിയവ ശുചിയാക്കണം.

രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 145 സ്‌കൂള്‍ കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്തത്. വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 75 സ്‌കൂള്‍ കെട്ടിടങ്ങള്‍ ഇക്കൊല്ലം ഉദ്ഘാടനം ചെയ്യും. ഇതിന്റെ സംസ്ഥാന തല ഉദ്ഘാടനം മെയ് മാസം 30 ന് ഉച്ചയ്ക്ക് 3.30 ന് മുഖ്യമന്ത്രി നിര്‍വഹിക്കും. ഇടതുസര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസയജ്ഞത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് 10.34 ലക്ഷം വിദ്യാര്‍ത്ഥികളാണ് കടന്നുവന്നതെന്നും മന്ത്രി പറഞ്ഞു.