സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു;

തിരുവനന്തപുരം: കേരളത്തില്‍ 7 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലകളിലെ 3 പേര്‍ക്കും കണ്ണൂര്‍, മലപ്പുറം ജില്ലയിലെ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിലെ രണ്ട് പേര്‍ നിസാമുദ്ദീനില്‍ നിന്നും വന്നതാണ്. 5 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്. അതില്‍ രണ്ട് പേര്‍ കണ്ണൂരിലും 3 പേര്‍ കാസര്‍ഗോഡും ഉള്ളവരാണ്.

കേരളത്തില്‍ 364 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 238 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,29,751 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,29,021 പേര്‍ വീടുകളിലും 730 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 126 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 13,339 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 12,335 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ് എന്നും ഇതുവരെ 124 പേരെ കോവിഡില്‍ നിന്നും രക്ഷപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.