കുട്ടികൾക്ക് പോലീസാകണം… പോലീസിന് കുട്ടികളാകണം…

policeman-vehcle-thrissur-vartha-news-kerala-police-viyyur

തൃശൂർ ജവഹർ ബാലഭവനിൽ നടക്കുന്ന കുട്ടികളുടെ അവധിക്കാല ക്യാമ്പ് ആണ് വേദി. തൃശൂർ സിറ്റി പോലീസ് അഡീഷണൽ പോലീസ് സൂപ്രണ്ട് വി.കെ. അബ്ദുൾഖാദർ കുട്ടികളോട് ആശയങ്ങൾ പങ്കുവെച്ചു. കുട്ടികൾക്ക് പോലീസിനെ ഇഷ്ടമാണ്. അവരുടെ ചിന്തകളും, ആശയങ്ങളും അവർ പങ്കിട്ടു.

ഭൂരിഭാഗം പേർക്കും വലുതാകുമ്പോൾ പോലീസ് ആകാനാണ് ആഗ്രഹം. അങ്ങിനെയാണെങ്കിൽ, പോലീസ് മാമന് ആരാകാനാണ് ആഗ്രഹം ?

ഒരു കുട്ടി ഉറക്കെ ചോദിച്ചു. അതു കേട്ട് മറ്റു കുട്ടികൾ ഉറക്കെ ചിരിച്ചു. കുട്ടികളുടെ കലപില ശബ്ദത്തെ ശമിപ്പിച്ചുകൊണ്ട് പോലീസുദ്യോഗസ്ഥൻ ഇങ്ങനെ പറഞ്ഞു.

പോലീസിന് കുട്ടികളാകാനാണ് ആഗ്രഹം. നിങ്ങളെപ്പോലെ കളിക്കാനും, ചിരിക്കാനും കഴിയണം. കൂട്ടുകാരോടൊത്ത് കൂട്ടുകൂടാൻ ഞങ്ങൾക്ക് വലിയ ഇഷ്ടമാണ്, അവധിക്കാലം ആഘോഷിക്കാൻ ഞങ്ങൾക്ക് ഇഷ്ടമാണ്. അച്ഛനോടും അമ്മയോടുമൊപ്പം പുറത്തുപോയി കറങ്ങിനടക്കാൻ ഞങ്ങൾക്കും ഇഷ്ടമാണ്. ശരിക്കും പറഞ്ഞാൽ കുട്ടികളായിരിക്കാനാണ് ഞങ്ങൾക്ക് ഇഷ്ടം.

ആശയവിനിമയ പരിപാടിക്കുശേഷം വനിത പോലീസുദ്യോഗസ്ഥർ കുട്ടികൾക്ക് സ്വയം പ്രതിരോധ രീതികളെക്കുറിച്ച് പരിശീലനം നൽകി. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.ബി. ഷിജി, ഷീജ എസ്, സിന്റി കെ.എൽ, പ്രതിഭ പി.കെ എന്നിവരും ഈസ്റ്റ് പോലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസർമാരായ സബ് ഇൻസ്പെക്ടർ വിനയൻ കെ.വി, സീനിയർ സിപിഓ സ്മിത കെ, മിനി സി.വി എന്നിവരും പങ്കെടുത്തു.