പന്നിയങ്കരയിൽ ടോള്‍ കൊടുക്കാതെ കട‌ന്നു പോകാന്‍ ശ്രമിച്ച സ്വകാര്യ ബസുകള്‍ പൊലീസ് തടഞ്ഞു..

വടക്കഞ്ചേരി: പന്നിയങ്കരയിൽ ടോള്‍ കൊടുക്കാതെ കട‌ന്നു പോകാന്‍ ശ്രമിച്ച സ്വകാര്യ ബസുകള്‍ പൊലീസ് തടഞ്ഞു. വിദ്യാര്‍ഥികള്‍ അടക്കമുള്ള യാത്രക്കാരെ ബസ് ജീവനക്കാർ വഴിയില്‍ ഇറക്കി വിട്ടു. സമയത്തു പരീക്ഷയ്ക്കു പോകാന്‍ കഴിയാതെ വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടി.

ഇന്നലെ രാവിലെയാണു ടോള്‍ പ്ലാസയില്‍ ബാരിയര്‍ തള്ളിമാറ്റി കടന്നു പോകാന്‍ സ്വകാര്യ ബസുകള്‍ ശ്രമിച്ചത്. ഇതു പൊലീസ് തടഞ്ഞതോടെ ടോള്‍ പ്ലാസയ്ക്കു സമീപം യാത്രക്കാരെ ഇറക്കിയ ശേഷം ബസ് ജീവനക്കാര്‍ പണിമുടക്കു പ്രഖ്യാപിച്ചു.

തൃശൂരില്‍ നിന്നെത്തിയ ബസുകള്‍ പടിഞ്ഞാറു ഭാഗത്തും, പാലക്കാട്, ഗോവിന്ദാപുരം ഭാഗത്തു നിന്നു വന്ന ബസുകള്‍ ടോള്‍ പ്ലാസയുടെ കിഴക്കു നിര്‍ത്തിയിട്ടു . കുറച്ചു ബസുകള്‍ മാത്രമാണു യാത്രക്കാരെ കയറ്റി പോകാന്‍ തയാറായത്.

ഇന്നു തിരുവനന്തപുരത്തു നടക്കുന്ന ചർച്ചയിൽ മന്ത്രിമാരും സ്ഥലം എംഎൽഎയും ആലത്തൂർ, തൃശൂർ എംപിമാരും ഉൾപ്പെട്ട ജന പ്രതിനിധികൾ പങ്കെടുക്കും.