ഗുരുവായൂർ പകൽ സമയത്ത് ട്രെയിനില്ല..

ഗുരുവായൂർ പകൽ സമയത്ത് ട്രെയിനില്ല. രാവിലെ 6.55ന് എറണാകുളം എക്സ്പ്രസ് ട്രെയിൻ സ്റ്റേഷനിൽ നിന്ന് പോയിക്കഴിഞ്ഞാൽ പിന്നെ അടുത്ത ട്രെയിൻ രാത്രി 11.10നാണ്. ചെന്നൈ എഗ്‌മൂർ എക്സ്പ്രസ്. രാത്രി തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസും രാവിലെ 5.50ന് പുനലൂർ എക്സ്പ്രസും 6.50ന് എറണാകുളം എക്സ്പ്രസുമാണ് ഇവിടെ നിന്ന് പുറപ്പെടുന്ന മറ്റ് ട്രെയിനുകൾ.

രാവിലെ 9നും വൈകിട്ട് 5.10നും ഉണ്ടായിരുന്ന തൃശൂർ പാസഞ്ചർ, ഉച്ചയ്ക്ക് 1ന് എറണാകുളം പാസഞ്ചർ എന്നിവ ഓട്ടം നിർത്തിയിട്ട് കാലം ഏറെയായി. പാസഞ്ചർ ട്രെയിനുകൾ ഓടിക്കണമെന്ന് ടി.എൻ.പ്രതാപൻ എം പി ദക്ഷിണമേഖല ജനറൽ മാനേജർക്ക് കത്തു നൽകിയിട്ടുണ്ട്. തൃശൂർ പാസഞ്ചർ ലാഭകരമല്ല എന്ന നിലപാടിലാണ് റെയിൽവേ.

തൃശൂരിലും സമീപ പ്രദേശത്തും ജോലി ചെയ്യുന്ന ഒട്ടേറെ പേർക്ക് സഹായകരമായിരുന്നു പാസഞ്ചർ ട്രെയിനുകൾ. രാവിലെ ഓടിയിരുന്ന എറണാകുളം പാസഞ്ചർ ഇപ്പോൾ എക്സ്പ്രസ് ആയിട്ടാണ് ഓടുന്നത്. പാസഞ്ചറിൽ തൃശൂർക്ക് 10 രൂപ ടിക്കറ്റ് ഉണ്ടായിരുന്നത് എക്സ്പ്രസ് എന്ന പേരു മാറ്റത്തിലൂടെ 30 രൂപയായി വർധിച്ചതും യാത്രക്കാർക്ക് ഇരട്ടി ഭാരമായി.