
വിവാഹിതനും മൂന്ന് മക്കളുടെ പിതാവുമാണെന്നുള്ള വിവരം മറച്ചുവെച്ച്, വിവാഹവാഗ്ദാനം നൽകി, യുവതിയെ പീഢിപ്പിച്ച കേസിൽ എറണാകുളം പോത്താനിക്കാട് വയൽപറമ്പിൽ ഷൈജു (39) വിനെയാണ് 2022 ഫെബ്രുവരി 7 നു തൃശൂർ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പിപി ജോയ്, അസി. സബ് ഇൻസ്പെക്ടർ കെ.ബി. അംബിക, സിവിൽ പോലീസ് ഓഫീസർമാരായ എം.എ. റിയാസുദീൻ, എം.കെ. പ്രകാശൻ എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്തത്.
കേസ് രജിസ്റ്റർ ചെയ്ത് 12 ദിവസത്തിനകം പരാതിക്കാരിയുടെ മെഡിക്കൽ പരിശോധന റിപ്പോർട്ട്, പ്രതിയുടെ പൊട്ടൻസി ടെസ്റ്റ്, പ്രതി മുൻപ് വിവാഹം കഴിച്ചതിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, കുറ്റകൃത്യം നടന്ന സംഭവ സ്ഥലത്തിന്റെ മഹസ്സർ തുടങ്ങിയ രേഖകൾ ശേഖരിച്ചും, ശാസ്ത്രീയപരിശോധന റിപ്പോർട്ട് ലഭ്യമാക്കുന്നതിനുള്ള നടപടികളും പൂർത്തിയാക്കി, 12 ദിവസത്തിനകം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഇതോടെ ഇയാൾക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത കുറഞ്ഞു.
സ്ത്രീകൾക്കെതിരായ അതീവ ഗൗരവമായ കുറ്റകൃത്യത്തിൽ പ്രതിയെ അറസ്റ്റുചെയ്യുകയും ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ച്, അതിവിദഗ്ദ അന്വേഷണം പൂർത്തിയാക്കി, 12 ദിവസത്തിനകം തന്നെ കുറ്റപത്രം സമർപ്പിച്ച അന്വേഷണോദ്യോഗസ്ഥനായ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.പി. ജോയിയുടേയും സഹപ്രവർത്തകരുടേയും കാര്യക്ഷമതയും ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ പ്രകടിപ്പിച്ച ആത്മാർത്ഥതയും അഭിനന്ദനങ്ങൾ അർഹിക്കുന്നു.