
വിദ്യാലയങ്ങൾ ഫെബ്രു. 21മുതൽ സാധാരണ നിലയിൽ പ്രവർത്തനമാരംഭിക്കുമ്പോൾ വിദ്യാർത്ഥികളെ വരവേൽക്കാനുള്ള മുന്നൊരുക്കങ്ങളുമായി ജില്ല സമ്പൂർണ്ണ സജ്ജം. മുന്നൊരുക്കങ്ങൾ പൂർത്തിയാക്കുന്ന പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം 19 ന് രാവിലെ 9.30ന്, കൊടകര ഗവ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ നിർവ്വഹിക്കും. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ അധ്യക്ഷയാകും. മറ്റു ജനപ്രതിനിധികളും ജില്ലാ തല ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുക്കും.
മുന്നൊരുക്ക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന തലത്തിൽ ജില്ലാ കലക്ടർമാർ, വിദ്യാഭ്യാസ ഉപഡയറക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ എന്നിവരുടെ യോഗം ചേർന്നിരുന്നു. തുടർന്ന് ജില്ലാ-ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെയും യോഗം, വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നടന്നിരുന്നു. ഇതിന്റെ തുടർച്ചയായി ഫെബ്രു.17ന് ജില്ലാ കലക്ടർ ഹരിത വി കുമാറിന്റെ നേതൃത്വത്തിലും വിവിധ വകുപ്പ് തലവൻമാരുടെ യോഗം ചേർന്നു. തുടർന്ന് ജില്ലയിലെ വിദ്യാഭ്യാസ ഓഫീസർമാരുടെയും യോഗം ചേർന്നു. ജില്ലയിലെ പി ടി എ പ്രസിഡണ്ടുമാരുടെ യോഗങ്ങൾ വിദ്യാഭ്യാസ ഓഫീസർമാർ ഇതിനോടകം വിളിച്ചു ചേർത്തിട്ടുണ്ട്.
21 മുതൽ വിദ്യാഭ്യാസ ഓഫീസർമാരുടെ സ്കൂൾ സന്ദർശനവും ഊർജ്ജിതമാക്കും. വിവിധ ലാബുകൾ, ലൈബ്രറികൾ എന്നിവയും ഇതിന്റെ ഭാഗമായി സജ്ജമാക്കും. 21ന് രാവിലെ, ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ ആയിരത്തിലധികം വരുന്ന പ്രധാന അധ്യാപകർക്ക് സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് പരിശീലനം നൽകും.
എസ് എസ് എൽ സി വിജയശതമാനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ജില്ലാ വിദ്യാഭ്യാസഓഫീസർമാരുടെ നേതൃത്വത്തിൽ നടക്കുന്ന പ്രത്യേകപരിപാടികൾ ഏകോപിപ്പിക്കും. ഏതെങ്കിലും കാരണത്താൽ ശരാശരിയിൽ താഴെ നിൽക്കുന്ന കുട്ടികളുണ്ടെങ്കിൽ, അവരെ സഹായിക്കാൻ, ഡയറ്റിന്റെ നേതൃത്വത്തിൽ പ്രത്യേക മോഡ്യൂൾ തയ്യാറാക്കും. പത്താം തരത്തിലെ പാഠഭാഗങ്ങൾ ഏതാണ്ടെല്ലാം തന്നെ പൂർത്തീകരിച്ചതായാണ് വിവരം. ശേഷിക്കുന്ന പാഠഭാഗങ്ങൾ ഫെബ്രുവരി 28നുള്ളിൽ പൂർത്തിയാക്കും. പരീക്ഷ സംബന്ധിച്ച് ഒരു തരത്തിലുമുള്ള ആശങ്കയും വേണ്ടെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ പറഞ്ഞു.