
ബംഗളൂരു യെലഹങ്ക വിമാനത്താവളത്തിൽ എയർ ഫോഴ്‌സിന്റെ എഎൻ 32 വിമാനം സജ്ജമാണ്. ഇന്ന് രാത്രി തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കാനുള്ള സജ്ജീകരണങ്ങളോടെയാണ് സംഘം യാത്ര തിരിച്ചിരിക്കുന്നത്. ആർമിയുടെ രക്ഷാ പ്രവർത്തനം ഇന്ന് രാത്രി തന്നെ ആരംഭിക്കും. രക്ഷാ പ്രവർത്തനത്തിനായി പത്ത് പേരടങ്ങുന്ന സംഘം മലമ്പുഴയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പർവതാരോഹണ രക്ഷാപ്രവർത്തനത്തിലെ വിദഗ്ധരാണ് ആർമി ദൗത്യസംഘത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.
കാർഗിൽ ഓപറേഷൻ, ഉത്തരാഖണ്ഡ് ദൗത്യം എന്നിവയിൽ പങ്കെടുത്തവരാണ് മലമ്പുഴയിലേക്ക് തിരിച്ചിരിക്കുന്നത്. പ്രദേശത്തെ കുറിച്ചുള്ള വിവരങ്ങളെല്ലാം സംഘം ശേഖരിച്ചുകഴിഞ്ഞു. പത്ത് പേരുള്ള രക്ഷാസംഘത്തിൽ ക്ലൈംബിംഗ് വിദഗ്ധരായ നാല് പേരുണ്ട്. ഒരാൾ ലെഫ്‌നന്റ് കമാൻഡ് റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്.
യുദ്ധ സമയത്തുള്ള രക്ഷാ പ്രവർത്തനം ഉൾപ്പെടെ നടത്തിയ സംഘമാണ് നിലവിൽ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിന്റെ രക്ഷയ്ക്കായി എത്തുന്നത്. അതുകൊണ്ട് തന്നെ ഇന്ന് രാത്രി തന്നെ ബാബുവിനെ രക്ഷപ്പെടുത്താൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് കുടുംബവും അധികൃതരും.