കടയുടെ പൂട്ട് തകർത്ത് അടക്കയും പണവും കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ..

തളിക്കുളത്ത് അടക്ക കടയുടെ പൂട്ട് തകർത്ത് അകത്ത് കയറി 140 കിലോ അടക്കയും 5000 രുപയും കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. മതിലകം വട്ടപറമ്പിൽ അലി അഷ്ക്കർ (24) മതിലകത്ത് വാടകക്ക് താമസിക്കുന്ന ആലുവ കുഞ്ഞുണ്ണിക്കര സ്വദേശി തണ്ടാംകുടത്ത് അൽത്താഫ് (19) എന്നിവരെയാണ് വാടാനപ്പള്ളി ഐ.എസ്.എച്ച്.ഒ.എസ്.ആർ. സനീഷിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.

ചാലക്കുടിയിൽ നിന്ന് മോഷ്ടിച്ച ബൈക്കിലെത്തിയ പ്രതികൾ തളിക്കുളം ചന്തയിൽ അടക്കകട നടത്തുന്ന കൈതക്കൽ പോക്കാക്കില്ലത്ത് ഗഫൂറിൻ്റെ കടയിലാണ് മോഷ്ണം നടത്തിയത്. പൂട്ട് പൊളിച്ച് അകത്ത് കയറിയ ഇരുവരും ചാക്കുകളിലായിരുന്ന അടക്കകൾ ബൈക്കുകളിൽ കയറ്റി കൊണ്ടു പോകുകയായിരുന്നു. മേശയിൽ ഉണ്ടായിരുന്ന 5000 രൂപയും കവർന്നു. മോഷ്ണം സമീപത്തെ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു.

കാമറ പരിശോധിച്ചാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച അടക്കകൾ പ്രതികൾ കോതപറമ്പ് ,മൂത്തകുന്ന്, പുത്തൻവേലിക്കര ,അഷ്ടമിച്ചിറ, എന്നീ മേഖലയിലെ കടകളിൽ വിൽപ്പന നടത്തിയിരുന്നു.ഇവ പൊലിസ് കണ്ടെടുത്തു.