
വടക്കാഞ്ചേരി: പാറശ്ശാലയിലെ തിരുവാതിരക്കളി വിവാദം സൃഷ്ടിച്ചതിനു പിന്നാലെ തൃശ്ശൂരിലും സി.പി.എം. ജില്ലാസമ്മേളനത്തിന്റെ ഭാഗമായി മെഗാതിരുവാതിര. ഊരോക്കാട് നടന്ന തിരുവാതിരക്കളിയിൽ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രവർത്തകരാണ് പങ്കെടുത്തത്.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ എം.കെ. ശ്രീജയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. നേരത്തെ നിശ്ചയിച്ച മെഗാതിരുവാതിര ഒഴിവാക്കി കോവിഡ് മാനദണ്ഡമനുസരിച്ച് ചുരുങ്ങിയരീതിയിലാണ് പരിപാടി നടത്തിയതെന്ന് മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം. ഗിരിജാദേവി പറഞ്ഞു.
നൂറോളം പേർ പങ്കെടുത്ത തിരുവാതിരക്കളിയിൽ എല്ലാവരും മാസ്ക് ധരിച്ചിട്ടുണ്ടായിരുന്നു. കോവിഡ് വ്യാപനത്തിനിടെ അഞ്ഞൂറോളം പേരെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് പാറശ്ശാലയിൽ തിരുവാതിരക്കളി സംഘടിപ്പിച്ചത് വൻ വിവാദമായതിനു പിന്നാലെയാണ് തൃശ്ശൂരിലും മെഗാതിരുവാതിര നടന്നത്.