
തൃശൂര്‍: കാണാതായ കുട്ടിയെ തിരഞ്ഞ് ഗ്രാമം. പൊലീസ് ഇടപെടലില്‍ ഒളിച്ചിരുന്ന കുട്ടിയെ കണ്ടെത്തിയത് രണ്ടര മണിക്കൂറിന് ശേഷം. നെടുപുഴ വടൂക്കരയിലെ വീട്ടിലാണ് സംഭവം. ഏഴു വയസ്സുള്ള രണ്ട് കുട്ടികള്‍ മുറ്റത്തിരുന്ന് കളിക്കുകയായിരുന്നു.
കളിക്കിടെ എന്തോ പറഞ്ഞപ്പോഴുണ്ടായ ദേഷ്യത്തിന് കൈയിലിരുന്ന കല്ലുകൊണ്ട് ഒരാള്‍ മറ്റേയാളുടെ തലക്ക് കുത്തി. കൂട്ടുകാരന്റെ തലക്ക് പരിക്കേറ്റ് ചോരയൊലിച്ചു. അവന് കരഞ്ഞുകൊണ്ട് വീട്ടിലേക്ക് ഓടി. പേടി കാരണം എന്തുചെയ്യണമെന്നറിയാതെ മറ്റേയാള്‍ അല്പനേരം അവിടെ ഇരുന്നു. കളികഴിഞ്ഞ് വീട്ടിലെത്താത്ത മകനെ മാതാവ് പലയിടത്തും അന്വേഷിച്ചു.

കൂട്ടുകാരനോടും അന്വേഷിച്ചു. ഒരുമിച്ചിരുന്നു കളിച്ചതാണെന്നും പിന്നീട് എവിടെപ്പോയി എന്ന് അറിയില്ലെന്നും പറഞ്ഞപ്പോള്‍ അമ്മയുടെ വേവലാതി കൂടി. പോകാന്‍ സാധ്യതയുള്ളിടത്തൊക്കെ അന്വേഷിച്ചു. അയല്‍വാസികളോടും നാട്ടുകാരോടും മകനെ കാണാനില്ലാത്ത വിവരം പറഞ്ഞു. കുട്ടിയെ തിരയാന്‍ അവരും കൂടി. എന്നിട്ടും വിവരമൊന്നും ലഭിച്ചില്ല.
ഇതിനിടയിലാണ് നെടുപുഴ പൊലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ കെ.സി. ബൈജു അതുവഴി പട്രോളിങ്ങിനായി എത്തിയത്. ശ്മശാനം റോഡ് പരിസരത്തെത്തിയപ്പോള്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് കണ്ട് കാര്യം അന്വേഷിക്കുകയായിരുന്നു.

സബ് ഇന്‍സ്പെക്ടര്‍ ബൈജു ആദ്യം കുട്ടിയുടെ വീട്ടിലെത്തി. കാണാതായ കുട്ടി ദൂരെ എവിടേയും പോകാന്‍ സാധ്യതയില്ലെന്ന് മനസ്സിലാക്കി എസ്.ഐ വീടിനുപരിസരത്ത് കുട്ടികള്‍ ഒളിക്കാനിടയുള്ള സ്ഥലങ്ങളെല്ലാം ചോദിച്ചറിഞ്ഞ് അവിടെയെല്ലാം വിശദമായി തിരയാന്‍ തുടങ്ങി. നാട്ടുകാരും വീട്ടുകാരും പൊലീസ് ഓഫിസറുടെ കൂടെ പരിസരങ്ങളിലെ മുക്കിലും മൂലയിലും തിരഞ്ഞുതുടങ്ങി.
അവസാനം രണ്ടര മണിക്കൂറോളമെടുത്ത തിരച്ചിലിനൊടുവിലാണ് അയല്പക്കത്തെ വീടിനു സമീപമുള്ള ഇടുങ്ങിയ സ്ഥലത്ത് പേടിച്ചു വിറച്ച് ഒളിച്ചിരിക്കുന്ന കുട്ടിയെ കണ്ടെത്തിയത്. ഓടിയെത്തിയ അമ്മയുടെ കൈകളിലേക്ക് പൊലീസ് ഓഫിസര്‍ കുട്ടിയെ നല്കി. കുട്ടികളുടെ മനസ്സിനെ വേദനിപ്പിക്കാതെ അവരെ സ്നേഹത്തോടെ ചേര്‍ത്ത് നിറുത്തിയാല്‍ കുറെ പ്രശ്നങ്ങള്‍ ഒഴിവാക്കാമെന്ന് ഓര്‍മപ്പെടുത്തിയാണ് എസ്.ഐ മടങ്ങിയത്.




