
ന്യൂഡൽഹി: രാജ്യത്ത് തിങ്കളാഴ്ച്ച മുതൽ ബൂസ്റ്റർ ഡോസ് വിതരണം ആരംഭിക്കും. ഇതിനായുള്ള ഓൺലൈൻ ബുക്കിംഗ് സംവിധാനം നാളെ വൈകിട്ട് നിലവിൽ വരും. അർഹരായവർക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ആദ്യ ഘട്ടത്തിൽ കൊവിഡ് മുന്നണി പോരാളികൾക്കും ആരോഗ്യ പ്രവർത്തകർക്കും 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കുമാണ് ബൂസ്റ്റർ ഡോസ് നൽകുക.
രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ച് കഴിഞ്ഞ് ഒൻപത് മാസത്തിന് ശേഷമാണ് ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ടത്. രണ്ട് ഡോസ് വാക്സിനെടുത്തവരാണ് ബൂസ്റ്റർ ഡോസിന് അർഹരായവർ. ഇവർ നേരത്തെ തന്നെ കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ പ്രത്യേക രജസിട്രേഷന്റെ ആവശ്യമില്ലെന്ന് കേന്ദ്രം അറിയിച്ചു. അർഹരായവർക്ക് നേരിട്ടോ ഓൺലൈൻ വഴിയോ വാക്സിനായി ബുക്ക് ചെയ്യാം. ഇതുസംബന്ധിച്ച മാർഗ്ഗരേഖ കേന്ദ്രസർക്കാർ നാളെ പുറത്തിറക്കും.