
ചെരിപ്പുകളുടെ നികുതി വർധന പുതു വർഷദിനം മുതൽ നടപ്പാക്കാനുള്ള തീരുമാനം മാറ്റിയില്ല. കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ശക്തമായി എതിർത്തു. വിഷയം നികുതി ഏകീകരണം പഠിക്കാൻ നിയോഗിച്ച മന്ത്രിതല ഉപസമിതിയുടെ പരിഗണനയ്ക്കു വിട്ടതായി കൗൺസിൽ യോഗത്തിനുശേഷം കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ മാധ്യമങ്ങളോട് പറഞ്ഞു. ആയിരം രൂപയ്ക്ക് താഴെയുള്ള തുണിത്തരങ്ങൾക്കുള്ള ചരക്ക് സേവന നികുതി അഞ്ചിൽ നിന്ന് 12 ശതമാനമായി ഉയർത്താനുള്ള തീരുമാനമാണ് മരവിപ്പിച്ചത്.
തീരുമാനം പിൻവലിക്കണമെന്ന് ടെക്സ്റ്റൈൽ മേഖലയിലുള്ളവർ കേന്ദ്ര സർക്കാരിനു നിവേദനം നൽകിയിരുന്നു. ഗുജറാത്ത് ധനമന്ത്രി കനുഭായ് പട്ടേൽ അയച്ച കത്തും പരിഗണിച്ചാണ് ജി.എസ്.ടി. കൗൺസിൽ അടിയന്തരയോഗം ചേർന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി.
തുണിത്തരങ്ങൾക്കൊപ്പം ചെരിപ്പുകളുടെയും നിരക്കു വർധന പിൻവലിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.
ചെരിപ്പുകൾക്കുള്ള നികുതി പുനഃ പരിശോധനാ യോഗം പരിഗണിച്ചില്ല. ആയിരം രൂപയിൽ താഴെയുള്ള പാദരക്ഷകൾക്ക് 12 ശതമാനം ജി.എസ്.ടി. ശനിയാഴ്ച പ്രാബല്യത്തിൽ വരും വില കൂടുകയും ചെയ്യും.