
ഗുരുവായൂർ: ക്ഷേത്രത്തിൽ തിങ്കളാഴ്‌ച പുലർച്ചെ 3 മുതൽ ബുധനാഴ്‌ച രാവിലെ 9 വരെ 54 മണിക്കൂർ തുടർച്ചയായി ഭക്തർക്ക് ഗുരുവായൂരപ്പദർശനം ലഭിക്കും. ദശമിവിളക്കുദിവസമായ തിങ്കളാഴ്‌ച പുലർച്ചെ മൂന്നിന് ക്ഷേത്ര നട തുറന്നാൽ ദ്വാദശി ദിവസം രാവിലെ ഒമ്പതുവരെ പൂജ, ദീപാരാധന ചടങ്ങുകൾക്കല്ലാതെ ശ്രീകോവിൽ അടയ്ക്കില്ല. ദ്വാദശി രാവിലെ വാകച്ചാർത്ത്, അഭിഷേകം, ഉഷഃപൂജ എന്നിവയ്ക്കു ശേഷമാണ് നടയടയ്ക്കുക.
എട്ടരയോടെ ദർശനത്തിനുള്ള വരി അവസാനിപ്പിക്കും. പിന്നീട് വൈകീട്ട് മൂന്നരയ്ക്കേ തുറക്കൂ. അയ്യപ്പന്മാർക്ക് പ്രത്യേകവരിയുണ്ടാകും. ഏകാദശി ദർശനത്തിന് ഓൺലൈൻ വഴി ബുക്ക് ചെയ്ത പതിനായിരം പേർക്ക് മുൻഗണന ലഭിക്കും. മറ്റുള്ളവർക്കും പ്രത്യേകം വരിയുണ്ടാകും. വരിയിൽ നിൽക്കാതെ തൊഴാൻ നെയ്‌വിളക്ക് ശീട്ടാക്കുന്നവർക്ക് പതിവുപോലെ ദർശനം ലഭിക്കും. 1000 രൂപയ്ക്ക് ഒരാൾക്കും, 4500 രൂപയുടെ നെയ്‌വിളക്ക് ശീട്ടിന് അഞ്ചുപേർക്കുമാണ് പ്രവേശനം.