
തൃശൂർ: സഹോദരിയുടെ വിവാഹത്തിന് വായ്പ കിട്ടാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വിപിന്റെ കുടുംബത്തിന് സഹായവുമായി നാട്. പെൺകുട്ടിക്ക് വിവാഹസമ്മാനമായി അഞ്ച് പവൻ നൽകുമെന്ന് കല്യാൺ ജുവലേഴ്സും മൂന്ന് പവൻ സമ്മാനമായി നൽകുമെന്ന് മലബാർ ഗോൾഡും അറിയിച്ചിട്ടുണ്ട്.
പെൺകുട്ടിയുടെ വിവാഹം നടത്താൻ രണ്ടര ലക്ഷം രൂപ സാമ്പത്തിക സഹായം നൽകുമെന്ന് തൃശൂരിലെ മജ്ലിസ് പാർക്ക് ചാരിറ്റബിൾ ട്രസ്റ്റ് അറിയിച്ചു. എന്നാൽ പെൺകുട്ടിയുടെ കുടുംബത്തോട് സ്ത്രീധനം ആവശ്യപ്പെട്ടിരുന്നില്ലെന്ന് പെൺകുട്ടിയുടെ പ്രതിശ്രുത വരൻ പ്രതികരിച്ചു.
പണത്തിന്റെ ബുദ്ധിമുട്ടിനെ കുറിച്ച് പറഞ്ഞിരുന്നില്ല. വിവാഹത്തിൽ നിന്ന് പിന്മാറില്ലെന്നും വിപിന്റെ മരണാനന്തര ചടങ്ങുകളും പുലയും അവസാനിച്ചതിനു ശേഷം വിവാഹം നടത്തുമെന്നും യുവാവ് പറഞ്ഞു.