
സഹോദരിയുടെ വിവാഹത്തിന് വായ്പ കിട്ടാത്തതിൽ മനം നൊന്ത് തൃശ്ശൂർ ചെമ്പൂക്കാവ് ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ പച്ചാലപ്പൂട്ട് വീട്ടില്‍ വിപിൻ തൂങ്ങി മരിച്ചു. സഹോദരിയുടെ വിവാഹം നടത്താന്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ച വായ്പ ലഭിക്കില്ലെന്ന് അറിഞ്ഞതോടെയാണ് വിപിൻ ജീവനൊടുക്കിയത്.
അമ്മയും സഹോദരിയും വിവാഹത്തിന് സ്വർണ്ണമെടുക്കാൻ പോയ സമയത്തായിരുന്നു സംഭവം. നേരത്തെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിയുണ്ടായിരുന്ന വിപിന്‍ കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടിരുന്നു. മരപ്പണിക്കാരനായിരുന്ന വിപിന്റെ അച്ഛന് വാസു 5 കൊല്ലം മുമ്പ് മരിച്ചു.
സഹോദരിയുടെ വിവാഹത്തിന് വായ്പ തേടി അലഞ്ഞപ്പോൾ താമസിക്കുന്ന പുരയിടം 3 സെന്റ് ആയതിനാൽ പല ബാങ്കുകളും വായ്പ തരാനാകില്ല എന്ന് പറഞ്ഞ് വിപിനെ മടക്കി അയക്കുകയായിരുന്നു.
തുടര്‍ന്ന്, ഒരു ന്യൂ ജെൻ ബാങ്കില്‍ നിന്ന് വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം വായ്പ നല്‍കാമെന്ന് ബാങ്ക് അറിയിപ്പിനെത്തുടര്‍ന്ന് വിവാഹത്തിന് സ്വര്‍ണമെടുക്കാനായി അമ്മയെയും സഹോദരിയെയും കൂട്ടി സ്വര്‍ണ്ണക്കടയില്‍ എത്തി. ആഭരണങ്ങളെടുത്ത ശേഷം, പണവുമായി ഉടനെ എത്താമെന്നറിയിച്ച് വിപിന്‍ പോയി. എന്നാല്‍, ബാങ്കില്‍ നിന്ന് വായ്പ അനുവദിക്കാനാകില്ല എന്ന അറിയിപ്പാണ് പിന്നീട് ലഭിച്ചത്. തുടര്‍ന്നാണ് വിപിന്‍ വീട്ടില്‍ ജീവനൊടുക്കിയത്.
കുറച്ചുനാള്‍മുമ്പ് നിശ്ചയിച്ച വിവാഹമായിരുന്നു വിപിന്റെ സഹോദരിയുടേത്. സാമ്പത്തിക പ്രതിസന്ധി കാരണം നീട്ടിവെക്കുകയായിരുന്നു. സ്വര്‍ണ്ണക്കടയില്‍ ഏറെനേരം കാത്തിരുന്നിട്ടും വിപിനെ കാണാതായതോടെ അമ്മ ബേബിയും സഹോദരി വിദ്യയും വീട്ടിലെത്തിയപ്പോഴാണ് വിപിനെ മരിച്ചനിലയില്‍ കണ്ടത്.