സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന ‘രാത്രി നടത്തം’ അവലോകനം ചെയ്യാൻ യോഗം ചേർന്നു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ അധ്യക്ഷത വഹിച്ചു.
അന്താരാഷ്ട്ര മനുഷ്യാവകാശ ദിനമായ ഡിസംബർ 10 മുതൽ വനിതാദിനമായ മാർച്ച് 8 വരെയുള്ള ദിവസങ്ങളിൽ നിശ്ചയിച്ചിട്ടുള്ള രാത്രി നടത്തത്തിന് വനിതാ ശിശു വികസന വകുപ്പിനൊപ്പം വിവിധ സാമൂഹ്യ, രാഷ്ട്രീയ സംഘടനകളുടെ വനിതാ പ്രതിനിധികൾ അണിചേരും. പ്രചാരണത്തിന്റെ ഭാഗമായി നടക്കാനിറങ്ങുന്ന സ്ത്രീകൾക്ക് പൊലീസ് സംരക്ഷണം നൽകും. നിലവിൽ പത്ത് വഴികളിലായാണ് നടത്തം സംഘടിപ്പിക്കുന്നത്.
ജില്ലാ വനിത ശിശു വികസന ഓഫീസർ പി മീര, സിറ്റി പൊലീസ് കമ്മീഷണർ ഓഫീസ് വിവൺ സെൽ, സീനിയർ ഓഫീസർ ഗീത കെ കെ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.