സ്വരാജ് റൌണ്ട് ഇനി മുതൽ ശബ്ദ രഹിത മേഖല…

പതിനാറു റോഡുകൾ സംഗമിക്കുന്ന തൃശൂർ സ്വരാജ് റൌണ്ട് ശബ്ദരഹിത മേഖലയായി പ്രഖ്യാപിച്ചു. ഇവിടെ പ്രവേശിക്കുന്ന വാഹനങ്ങൾ ഇനിമുതൽ ഹോൺ പ്രവർത്തിപ്പിക്കുവാൻ പാടുള്ളതല്ല.

 വാഹനങ്ങളിൽ നിന്നും ഉച്ചത്തിൽ മുഴക്കുന്ന ഹോൺ ആണ് ശബ്ദമലിനീകരണങ്ങളിൽ ഒന്നാമത്. അതിനാലാണ് തൃശൂർ കോർപ്പറേഷനും തൃശൂർ സിറ്റി പോലീസും സംയുക്തമായി തൃശൂർ സ്വരാജ് റൌണ്ട് പ്രദേശം ഹോൺരഹിത നിശബ്ദമേഖലയായി പ്രഖ്യാപിച്ചത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡും ഇത്തരത്തിലുള്ള നിർദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്.

നിരവധി ആശുപത്രികളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആരാധനാലയങ്ങളും ചേരുന്ന പ്രദേശമാണ് തൃശൂർ സ്വരാജ് റൌണ്ട്. റോഡുകളിൽ വാഹനം ഓടിക്കുന്ന ഡ്രൈവർമാർ ഹോൺ മുഴക്കാതെ, സമചിത്തതതയോടും പരസ്പരബഹുമാനത്തോടും കൂടി ഡ്രൈവ് ചെയ്യുക എന്ന സംസ്കാരം പൊതുജനങ്ങളിൽ വളർത്തിയെടുക്കുക എന്ന ഉദ്ദേശം കൂടി ഈ ഉദ്യമത്തിനുണ്ട്. ആദ്യഘട്ടത്തിൽ ഡ്രൈവർമാരെ ബോധവൽക്കരിക്കുന്നതിനു വേണ്ടി സ്വരാജ് റൌണ്ടിലും

പരിസര പ്രദേശങ്ങളിലും നോ-ഹോൺ ബോർഡുകൾ സ്ഥാപിച്ചു. തൃശൂർ അസി. കമ്മീഷണർ വി.കെ. രാജുവിന്റെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡുകൾ, ഓട്ടോറിക്ഷാ പാർക്കിങ്ങ് കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ഇതുസംബന്ധിച്ച് ഡ്രൈവർമാർക്ക് ബോധവൽക്കരണം നടത്തുകയും, നോട്ടീസുകൾ വിതരണം ചെയ്യുകയും ചെയ്തു. അനാവശ്യമായി ഹോൺമുഴക്കി വാഹനമോടിച്ച ഡ്രൈവർമാരെ താക്കീത് ചെയ്തു. ഇത്തരം ബോധവൽക്കരണ പരിപാടികൾ വരും ദിവസങ്ങളിലും തുടരും. നിയമ ലംഘകർക്ക് പിഴയീടാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ രണ്ടാം ഘട്ടത്തിൽ മാത്രമേ സ്വീകരിക്കുകയുള്ളൂ.