തളിക്കുളത്ത് ഡോക്ടർ ടു ഡോർ പദ്ധതിക്ക് തുടക്കം….

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ കോവിഡാനന്തര ചികിത്സ ഇനി വീടുകളിലും. എൻഎച്ച്എമ്മിലെ ഒരു ഡോക്ടർ, സ്റ്റാഫ് നഴ്സ് എന്നിവർ ഉൾപ്പെടുന്നതാണ് ടീം. കോവിഡിന് ശേഷം ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കായി ആവിഷ്ക്കരിച്ച ഡോക്ടർ ടു ഡോർ പദ്ധതിയാണ് ബ്ലാേക്ക് പഞ്ചായത്ത് നടപ്പിലാക്കുന്നത്. ആരോഗ്യ പ്രശ്നങ്ങൾക്ക് ഡോക്ടറുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീം വീടുകളിലെത്തി പരിഹാരം കാണും.

ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ഏങ്ങണ്ടിയൂർ, വാടാനപ്പള്ളി, തളിക്കുളം, നാട്ടിക, വലപ്പാട് പഞ്ചായത്തുകളിൽ പദ്ധതിക്ക് തുടക്കമായി. സർക്കാർ ആശുപത്രികളിൽ പോസ്റ്റ് കോവിഡ് ക്ലിനിക്കിനായി സമയം അനുവദിച്ചിട്ടുണ്ടെങ്കിലും പരിചരണം ആവശ്യമുള്ളവരുടെ എണ്ണം കൂടുതലായതിനാലാണ്
വീടുകളിലേയ്ക്ക് ആരോഗ്യ സേവനം എത്തിക്കുന്ന പദ്ധതി ബ്ലോക്ക് പഞ്ചായത്ത് ആവിഷ്കരിച്ചത്.

ഹെൽത്ത് ഇൻസ്പെക്ടർമാർ, നഴ്സുമാർ, ആശാപ്രവർത്തകർ ഉൾപ്പെടുന്ന സംഘം അതാത് സ്ഥലങ്ങളിൽ ഉൾപ്പെടുന്ന പോസ്റ്റ് കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളുള്ള ആളുകളുടെ വിവരങ്ങൾ ശേഖരിച്ച് ആശുപത്രിയിലെ മെഡിക്കൽ ഓഫീസർമാർ വഴി ഡോക്ടർ ടു ഡോർ ക്ലിനിക്ക് ടീമിന് കൈമാറും. തുടർന്ന് ഈ ടീമാണ് വീടുകൾ സന്ദർശിച്ച് ആവശ്യമായ ചികിത്സ നൽകുന്നത്.