
തൃശൂർ: സ്കൂളിലേക്ക് നടക്കുന്നതിനിടെ സ്ലാബില്ലാത്ത കാനയിൽ വീണ് വിദ്യാർഥിനിയുടെ കാലൊടിഞ്ഞു. കോലഴി മങ്കുറ്റിപ്പറമ്പിൽ സുഭാഷിൻ്റെ മകളും തൃശൂർ ഹോളിഫാമിലി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയുമായ നന്ദനക്കാണ് (15) പരിക്കേറ്റത്. കാലിൻ്റെ രണ്ട് എല്ലും പൊട്ടിയ നിലയിലാണ്. ഇന്നലെ രാവിലെ ഒമ്പതേകാലോടെ ചെമ്പൂക്കാവ് സ്കൂളിന് മുന്നിലായിരുന്നു അപകടം.

അമ്മ സൗഭാഗ്യയുടെ സ്കൂട്ടറിൽനിന്ന് ഇറങ്ങി സ്കൂളിലേക്ക് നടക്കുന്നതിനിടെ കാൽവഴുതി ആഴമുള്ള കാനയിൽ വീഴുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.





