കൊടുങ്ങല്ലൂരിൽ വൻ മയക്കുമരുന്നു വേട്ട. ചില്ലറവില്പനക്കായി കൊണ്ടുവന്ന 20 ഗ്രാം എം.ഡി.എം.എയുമയി മൂന്ന് പേർ അറസ്റ്റിൽ. കൊടുങ്ങല്ലൂർ സ്വദേശികളായ ചന്തപ്പുര വൈപ്പിൻ കാട്ടിൽ നിഷ്താഫിർ (26) ഉഴുവത്ത് കടവ് ചൂളക്കടവിൽ അൽത്താഫ് (26) ചന്തപ്പുര പാറയിൽ ആഷിഖ് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
മെത്ത് എന്ന പേരിലറിയപ്പെടുന്ന ക്രിസ്റ്റൽ രൂപത്തിലുള്ള ലഹരിമരുന്നാണ് എം.ഡി.എം. എമറ്റു സംസ്ഥാനങ്ങളിൽ നിന്നും വിവിധ മാർഗങ്ങളിലൂടെ കേരളത്തിലേക്ക് കഞ്ചാവ്, എം.ഡി.എം.എ, എൽ.എസ്.ഡി തുടങ്ങിയ മയക്കുമരുന്നുകൾ വൻതോതിൽ എത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് സംസ്ഥാന പൊലീസ് മേധാവി കർശന നിരീക്ഷണത്തിന് നിർദേശം നൽകിയിരുന്നു.
ഇതിനെത്തുടർന്ന് തൃശ്ശൂർ ജില്ലാ പോലീസ് മേധാവിക്ക് കീഴിലുള്ള ടീം ജില്ലയിലെ സംശയാശ്പദമായ സ്ഥലങ്ങളിൽ തുടർച്ചയായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇവർ പിടിയിലായത്. പിടികൂടിയ എം.ഡി.എം.എ ജില്ലയിലേക്ക് ചില്ലറവിൽപ്പനക്ക് വേണ്ടി കൊണ്ടുവന്നതാണെന്ന് പ്രതികൾ മൊഴി നൽകി. ലഹരിമരുന്നിൻ്റെ ഉറവിടത്തെക്കുറിച്ചും ഇത് ഉപയോഗിക്കുന്നവരെക്കുറിച്ചും, സാമ്പത്തിക സഹായം നൽകുന്നവരെ കുറിച്ചും പോലീസ് അന്വേഷണം നടത്തി വരികയാണ്