പെൺകുട്ടിക്കു മുന്നിൽ നഗ്നത പ്രദർശിപ്പിച്ച യുവാവിന്റെ രണ്ടു കാലും വലതു കയ്യും തല്ലി ഒടിച്ചു…

എരുമപ്പെട്ടി∙ കടങ്ങോട് തെക്കുമുറിയിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ കിടന്നുറങ്ങുകയായിരുന്ന യുവാവിനെ ആക്രമിച്ച് പരുക്കേൽപ്പിച്ചു. പരുക്കേറ്റ തെക്കുമുറി ഒരുപാക്കിൽ വീട്ടിൽ രതീഷ് (36) മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിൽ തെക്കുമുറി സ്വദേശികളായ 2പേരെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. തലപ്പുള്ളി വീട്ടിൽ സബാഷ് (29), ചേമ്പയത്ത് വീട്ടിൽ വെങ്കിടേഷ് (46) എന്നിവരെയാണ് അറസ്റ്റിലായത്.

ഇയാളുടെ രണ്ടു കാലും വലതു കയ്യും തല്ലി ഒടിച്ച നിലയിലാണ്. മുഖത്തും തലയ്ക്കും മാരകമായി മുറിവേറ്റിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം. റോഡരികിൽ ഗുരുതര പരുക്കുകളോടെ കിടന്നിരുന്ന രതീഷിനെ പുലർച്ചെ റോഡിലൂടെ വന്നിരുന്നയാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചത്.

ഇതിനിടെ രതീഷിനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു മുന്നിൽ നഗ്നത പ്രദർശിപ്പിച്ചുവെന്ന പരാതിയെ തുടർന്നായിരുന്നു നടപടി. പോക്സോ കേസിനു ഇടയാക്കിയ സംഭവവുമായി ഈ ആക്രമണത്തിന് ബന്ധമുണ്ടോയെന്ന അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളിലൊരാളുടെ ബന്ധുവാണ് പരാതിയിലെ പെൺകുട്ടി. ഇതിനെ ചൊല്ലി വ്യാഴാഴ്ച രാവിലെ നടന്ന വഴക്കിനെ തുടർ‍ച്ചയാണ് രാത്രിയിലെ ആക്രമണമെന്നു പൊലീസ്..