ഗവ. മെഡിക്കൽ കോളേജിൽ കട്ടിലിനായി രോഗികളുടെ തല്ല് ….

thrissur-medical-collage

ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിനായി അഡ്മിറ്റാകുന്ന രോഗികൾ തമ്മിൽ പിടിവലി. കോവിഡ് ചികിത്സക്കായി നാല് വാർഡുകൾ നീക്കിവെച്ചതാണ് പ്രതിസന്ധിക്ക് കാരണം. ജനറൽ മെഡിസിൻ വിഭാഗത്തിലെ രോഗികളാണ് കട്ടിലുകൾ ഇല്ലാത്തതിനാൽ ഏറെ ദുരിതത്തിലായത്. കോവിഡിനായി നീക്കിവെച്ചിട്ടുള്ള നാല് വാർഡുകളിൽ മൂന്നെണ്ണവും ജനറൽ മെഡിസിൻ വിഭാഗത്തിന്റേതാണ്‌. ദിവസം ശരാശരി 60 രോഗികൾ അഡ്മിറ്റാകുന്ന ഈ വിഭാഗത്തിന് സ്വന്തമായി ഇപ്പോൾ ഒരു വാർഡ് പോലും ഇല്ലാത്തത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.

കിടപ്പുരോഗികളുടെ എണ്ണം ആയിരം കവിഞ്ഞു. രോഗികൾ കൂടിയതിനാൽ വിവിധ വാർഡുകളിലായി നൂറിലേറെ രോഗികൾ നിലത്താണ് കിടക്കുന്നത്. ശസ്ത്രക്രിയ കഴിഞ്ഞവരും ഗുരുതര പരിക്കേറ്റവരും ഹൃദ്രോഗികളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. കട്ടിലുകൾക്കായി പലപ്പോഴും രോഗികൾ തമ്മിലും രോഗികളും ജീവനക്കാരും തമ്മിലും വാർഡുകളിൽ വഴക്ക് പതിവാണ്.

വിവിധ വാർഡുകളിലായാണ് ഈ രോഗികളെയെല്ലാം ഇപ്പോൾ കിടത്തുന്നത്. ഒരു വാർഡ് മാത്രമുള്ള മാനസികരോഗ വിഭാഗത്തിനും വാർഡില്ലാതായി. അടിയന്തരമായി സൗകര്യങ്ങൾ വർദ്ധിപ്പിച്ചില്ലെങ്കിൽ വലിയ പ്രതിസന്ധിയുണ്ടാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.