തിരുവനന്തപുരം: ഉത്തരേന്ത്യയില്‍ കല്‍ക്കരി ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തിലും പവര്‍കട്ട് വേണ്ടി വരുമെന്ന് സംസ്ഥാന വൈദ്യുത വകുപ്പ് മന്ത്രി കെ.കൃഷണന്‍കുട്ടി. കല്‍ക്കരി ക്ഷാമം മൂലം രാജ്യത്തെ താപ വൈദ്യുതി നിലയങ്ങളുടെ പ്രവര്‍ത്തനം ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. അതിനാല്‍ സംസ്ഥാനത്ത് നിലവില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ പഞ്ചാബിലും രാജസ്ഥാനിലും ഉത്തര്‍ പ്രദേശിലും പവര്‍കട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പീക്ക് ടൈമില്‍ 20 ശതമാനത്തിലേറെ വൈദ്യുതിയുടെ കുറവുണ്ടായാല്‍ പവര്‍കട്ട് ഏര്‍പ്പെടുത്തും. നിലവില്‍ 3,000 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എത്രത്തോളം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് വരും ദിവസങ്ങളില്‍ മാത്രമേ വ്യക്തമാകൂയെന്ന് കെ.എസ്.ഇ.ബി ചെയര്‍മാനും അറിയിച്ചു. ആകെ വൈദ്യുതി ഉല്‍പ്പാദനത്തിന്റെ 70 ശതമാനത്തിനും കല്‍ക്കരിയെ ആശ്രക്കുന്ന രാജ്യമാണ് ഇന്ത്യ. ഇത്തരത്തില്‍ കല്‍ക്കരി ഉപയോഗിക്കുന്ന 135 താപവൈദ്യുതി നിലയങ്ങളാണ് രാജ്യത്തുള്ളത്. കേരളമടക്കമുള്ള ചില സംസ്ഥാനങ്ങള്‍ ജലവൈദ്യുതിയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. എന്നാല്‍ കേന്ദ്ര വിഹിതമായും ദീര്‍ഘകാല കരാര്‍ അനുസരിച്ചും സംസ്ഥാനത്തിനു ലഭിക്കേണ്ട വൈദ്യുതിയില്‍ കുറവ് വരുമെന്നതിനാല്‍ കല്‍ക്കരി ക്ഷാമം സംസ്ഥാനത്തും പ്രതിസന്ധിയുണ്ടാക്കും.






