സ്നേഹതീരത്ത് കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട രണ്ട് പേരെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി….

Thrissur_vartha_district_news_malayalam_sea_kadal

തളിക്കുളം: കൂട്ടുകാരുമൊത്ത് തളിക്കുളം സ്നേഹതീരം ബീച്ചിൽ കുളിക്കാനിറങ്ങി കടലിൽ അകപ്പെട്ട യു.പി. സ്വദേശികളായ രണ്ട് പേരെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. തൃശൂർ പുത്തൻപള്ളിയിൽ താമസിച്ച് സ്വർണ പണി നടത്തുന്ന അജിത്ത് (20) ,ഗോകുൽ (26) എന്നിവരെയാണ് സ്നേഹതീരം ബീച്ചിലെ ലൈഫ് ഗാർഡുകളായ കെ.ജി. ഐസക്ക്, ഹരീഷ് എന്നിവർ ചേർന്ന് രക്ഷപ്പെടുത്തിയത്.യു .പി .സ്വദേശികളും സ്വർണ പണിക്കാരുമായ എട്ടംഗ സംഘമാണ് ഞായറാഴ്ച വൈകീട്ട് സ്നേഹതീരം ബീച്ചിൽ കടലിൽ ഇറങ്ങി ഉല്ലസിക്കാൻ എത്തിയത്. കുളിക്കുന്നതിനിടയിൽ 4.10 ഓടെ രണ്ട് പേരാണ് ചുഴിയിൽ പെട്ടത്.ഇതോടെ കൂടെ ഉണ്ടായിരുന്ന മറ്റ് ആറ് പേരും കരക്ക് കയറി. തിരയിൽപെട്ട് അജിത്തും ഗോകുലും കരയിൽ നിന്ന് നാൽപ്പത് മീറ്ററോളം ദൂരത്തിൽ കടലിൽ അകപ്പെട്ടു. മരണമുഖത്തായിരുന്ന ഇരുവരേയും ലൈഫ് ഗാർഡുകളായ ഐസക്കും ഹരീഷും വളരെ പാടുപെട്ടാണ് ജീവൻ പണയം വെച്ച് ഇരുവരേയും രക്ഷപ്പെടുത്തി കരക്ക് എത്തിച്ചത്.