സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്ന ആദ്യ ആഴ്ച വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം, ഹാജര്‍ എന്നിവ നിര്‍ബന്ധമാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പിന്നീടുള്ള കാര്യങ്ങള്‍ ഓരോ വിദ്യാലയത്തിലെയും സാഹചര്യം അനുസരിച്ച് തീരുമാനിക്കും. സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ എത്രയും വേഗം പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂള്‍ തുറക്കാനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്. യുവജന സംഘടനകള്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.
എത്രയും വേഗം മാര്‍ഗരേഖ പുറത്തിറക്കും. എല്ലാ വിധ പ്രതിരോധ മാര്‍ഗങ്ങളും സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും സ്വീകരിക്കും. സ്‌കൂളുകളിലെ സാഹചര്യം അനുസരിച്ചാകും ഷിഫ്റ്റ് സംവിധാനം നടപ്പാക്കു. വ്യക്തമായ മാര്‍ഗരേഖ പുറത്തിറക്കിയ ശേഷം ടൈം ടേബിള്‍ വച്ച് കാര്യങ്ങള്‍ നടപ്പിലാക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുമ്പോള്‍ സ്വീകരിക്കേണ്ട മാര്‍ഗരേഖ സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്നും തുടരും.