പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ഥിനിയെ സഹപാഠിയായ യുവാവ് കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ മന്ത്രി വി എന്‍ വാസവന് സ്ഥലം സന്ദര്‍ശിച്ചു. ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ് അസ്തമിച്ചതെന്ന് മന്ത്രി വി എന്‍ വാസവന് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 11.30 ഓടെ പാലാ സെന്റ് തോമസ് കോളേജ് ക്യാമ്പസിനുള്ളില്‍ വൈക്കം തലയോലപറമ്പ് സ്വദേശി കളപ്പുരയ്ക്കല്‍ വീട്ടില്‍ നിധിന(22)യാണ് കൊല്ലപ്പെട്ടത്. പരീക്ഷ കഴിഞ്ഞിറങ്ങിയ മൂന്നാം വര്‍ഷ ഫുഡ് ടെക്നോളജി വിദ്യാര്‍ഥിനിയായ നിധിനയുടെ കഴുത്തിലെ ഞരമ്പ് പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് സഹപാഠിയായ അഭിഷേക് അറുക്കുകയായിരുന്നു. നിധിനയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൊലയാളി കൂത്താട്ടുകുളം ഉപ്പാനി പുത്തന്‍പുരയില്‍ അഭിഷേക് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.





