ഗതാഗതത്തിനായി തുറന്നുകൊടുത്ത തുരങ്കത്തിലേക്കുള്ള പാലം തകർന്നു തുടങ്ങി…

കുതിരാൻ: ഗതാഗതത്തിനായി തുറന്നുകൊടുത്ത തുരങ്കത്തിലേക്കുള്ള പാലം തകർന്നു തുടങ്ങി. പാലം വാർക്കുന്നതിനായി ഉപയോഗിച്ചിട്ടുള്ള ഇരുമ്പുകമ്പികൾ വരെ പുറത്തുവന്ന നിലയിലാണ്. പീച്ചി റിസർവോയറിന് മുകളിൽ നിർമിച്ചിട്ടുള്ള പാലത്തിലാണ് പലയിടത്തും കോൺക്രീറ്റ് ഇളകിത്തുടങ്ങിയത്. തുരങ്കം തുറന്ന് 50 ദിവസം തികയും മുമ്പ് പ്രവേശനപാലത്തിന്റെ ജോയിന്റിൽ കോൺക്രീറ്റ് പൊളിഞ്ഞത് ആശങ്കയുണ്ടാക്കുന്നു.

പാലത്തിന്റെ ഗർഡറുകൾ തമ്മിൽ ചേരുന്ന ഭാഗത്താണ് റോഡ് തകർന്നത്. ഭാരമേറിയ ചരക്കുവാഹനങ്ങൾ നിരന്തരം കടന്നുപോകുന്നതുകൊണ്ട് ദിവസങ്ങൾക്കുള്ളിൽ തകർച്ച രൂക്ഷമാകാൻ ഇടയുണ്ട്.

നിർമാണക്കമ്പനി മണ്ണുത്തിയിലും വടക്കഞ്ചേരിയിലും നിർമിച്ച മേൽപ്പാലങ്ങൾക്കും സമാനമായ അവസ്ഥയാണുണ്ടായിരുന്നത്. രണ്ടു പാലങ്ങളും പലതവണയായി ഒരു മാസത്തിലേറെ അടച്ചിട്ടാണ് തകരാർ പരിഹരിച്ചത്. എന്നാൽ അറ്റകുറ്റപ്പണികൾക്കായി പാലം അടയ്ക്കാൻ കഴിയാത്ത അവസ്ഥയാണ് കുതിരാനിൽ. നിലവിൽ കുതിരാൻ മേഖലയിൽ വൺവേ ഗതാഗതമാണുള്ളത്. പാലം അടച്ചാൽ വീണ്ടും ഗതാഗതക്കുരുക്ക് രൂക്ഷമാകും. അപകടങ്ങൾക്കും സാധ്യതയേറെയാണ്.