തന്നെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍വച്ച് കൊലപ്പെടുത്താന്‍ രണ്ട് സഹതടവുകാര്‍ക്ക് അഞ്ച് കോടി രൂപയുടെ ക്വട്ടേഷന്‍ നല്‍കിയെന്ന് ടി. പി വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന കൊടി സുനിയുടെ വെളിപ്പെടുത്തല്‍. താന്‍ ഇതറിഞ്ഞതിനാല് ക്വട്ടേഷന്‍ നടന്നില്ല. ജയില്‍ സൂപ്രണ്ടിന്റെ ഓഫിസ് സഹായിയായി പ്രവര്‍ത്തിച്ചിരുന്ന അയ്യന്തോള്‍ കൊലക്കേസ് പ്രതി റഷീദ്, മറ്റൊരു കൊലക്കേസ് പ്രതി അനൂപ് എന്നിവരെയാണ് ക്വട്ടേഷന്‍ ഏല്‍പ്പിച്ചതെന്നാണ് കൊടി സുനി പറയുന്നത്. ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതിന്റെ പേരില്‍ കൊടി സുനിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്കും റഷീദിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കും മാറ്റിയിരിക്കുകയാണ്.
വിയ്യൂര്‍ ജയിലിലെ വിവാദ ഫോണ്‍ വിളികളെക്കുറിച്ച് അന്വേഷിക്കാനെത്തിയ ഉത്തരമേഖലാ ജയില്‍ ഡി.ഐ.ജിക്ക് നല്കിയ മൊഴിയാണ് കൊടി സുനി ഇക്കാര്യം വ്യക്തമാക്കിയത്. കൊടുവള്ളിയിലെ സ്വര്‍ണക്കടത്ത് സംഘമാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണി തെന്നും കൊടി സുനി പറയുന്നു.