
തറകെട്ടി സംരക്ഷിച്ച ആൽമരത്തണലുകളിലിരുന്ന് അൽപ്പസമയം വിശ്രമിക്കാൻ ആകർഷിക്കുന്ന ഇരിപ്പിടങ്ങളാണ് മൈതാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഇന്നലെ തൃശൂരിൽ ഒരു സ്വകാര്യ ആവശ്യത്തിന് എത്തിയതായിരുന്നു കോഴിക്കോട് മുക്കം സ്വദേശിയും റിട്ടയേഡ് അധ്യാപകനുമായ കേശവൻ നമ്പൂതിരി. നടന്നു ക്ഷീണിച്ചപ്പോൾ വിശ്രമിക്കാമെന്നു കരുതി അൽപ സമയം തേക്കിൻകാട് മൈതാനത്തെ ആൽത്തറയിൽ ഇരുന്നു. തന്റെ ബാഗ് അടുത്ത് വെച്ച് മൊബൈൽഫോണിൽ വീട്ടുകാരോട് സംസാരിക്കുകയായിരുന്നു. പ്രായമായ ഒരാൾ ബാഗ് താഴെ വെച്ച് മൊബൈൽ ഫോണിൽ സംസാരിക്കുന്നത് ഒരു മോഷ്ടാവ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കേശവൻ നമ്പൂതിരിയുടെ ശ്രദ്ധ മൊബൈൽ ഫോണിലൂടെയുള്ള സംസാരത്തിലാണെന്ന് മനസ്സിലാക്കിയ മോഷ്ടാവ്, പൊടുന്നനെ ബാഗ് തട്ടിയെടുത്ത് ഓടി.
അൽപ്പ സമയത്തിനു ശേഷമാണ് ബാഗ് നഷ്ടപ്പെട്ട വിവരം കേശവൻ നമ്പൂതിരി അറിഞ്ഞത്. തന്റെ അടുത്ത് ഇരുന്നിരുന്നിരുന്ന ഒരാൾ വേഗത്തിൽ നടന്നു പോകുന്നതും കേശവൻ നമ്പൂതിരി കണ്ടു. ആകെ പരിഭ്രാന്തിയിലായ കേശവൻ നമ്പൂതിരി ഉടൻതന്നെ മുൻസിപ്പൽ ഓഫീസ് പരിസരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസുദ്യോഗസ്ഥനോട് അത്യാവശ്യകാര്യത്തിനായി താൻ കൊണ്ടുവന്ന അരലക്ഷം രൂപയടങ്ങിയ ബാഗ് നഷ്ടപ്പെട്ട വിവരം അറിയിച്ചു.
മോഷ്ടാവിനെ തിരിച്ചറിയാൻ സാധിക്കുന്നതരത്തിൽ അയാൾ ധരിച്ചിരുന്ന വസ്ത്രങ്ങളെക്കുറിച്ചും ശരീര പ്രകൃതിയെക്കുറിച്ചും കേശവൻ നമ്പൂതിരിയോട് പോലീസുദ്യോഗസ്ഥൻ വിശദമായി കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. ഉടൻ തന്നെ പരിസരത്ത് പട്രോളിങ്ങ് ഡ്യൂട്ടി നിർവ്വഹിച്ചിരുന്ന ട്രാഫിക് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ബിനൻ നഗരത്തിൽ തത്സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ പോലീസുദ്യോഗസ്ഥർക്കും ജാഗ്രതാ നിർദ്ദേശം നൽകുകയും, മോഷ്ടാവിനെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുകയും ചെയ്തു.
ഹൈറോഡ് ജംഗ്ഷനിൽ ട്രാഫിക് പോയിന്റ് ഡ്യൂട്ടി നിർവ്വഹിച്ചിരുന്ന ജോഷി, അതുവഴി നടന്നുവന്നിരുന്ന ഒരാളെകണ്ട് സംശയം തോന്നി തടയാൻ ശ്രമിച്ചു. ഉടൻ തന്നെ അയാൾ ഓടി. തുടർന്ന് ജയ്ഹിന്ദ് മാർക്കറ്റിനു സമീപത്തേക്ക് ഓടിയ അയാളെ ജോഷിയും ഹോംഗാർഡ് പ്രകാശനും ചേർന്ന് പിന്നാലെ ഓടി പിടികൂടുകയായിരുന്നു. മോഷ്ടാവ് അരയിൽ ഒളിപ്പിച്ചുവെച്ചിരുന്ന ബാഗും പണവും പോലീസ് കണ്ടെടുത്തു. പട്ടാളം റോഡിൽ പുറമ്പോക്കിൽ താമസിക്കുന്ന ബാബു (21) വാണ് പോലീസ് പിടിയിലായത്. ഇയാൾക്കെതിരെ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. “പോലീസുദ്യോഗസ്ഥരുടെ ജാഗ്രതയും തത്സമയ ഇടപെടലും മൂലമാണ് നഷ്ടപ്പെട്ട തന്റെ പണവും ബാഗും തിരിച്ചുലഭിക്കാൻ ഇടയായത്”. കേശവൻ നമ്പൂതിരിയുടെ നല്ല വാക്കുകൾക്ക് നന്ദി.