സംസ്ഥാനത്ത് ഒരു നിപ കേസ് മാത്രമാണ് സ്ഥിരീകരിച്ചത്. 2 പേർക്ക് രോഗ ലക്ഷണങ്ങൾ. കോഴിക്കോട് മരിച്ച കുട്ടിയുടെ സമ്പര്‍ക്കത്തിലുള്ളത് 188 പേരാണ്. ഇതില്‍ 20 പേരാണ് ഹൈ റിസ്ക് ലിസ്റ്റില്‍ ഉള്ളത്. രോഗലക്ഷണമുള്ള രണ്ട് പേര് ആരോഗ്യ പ്രവര്‍ത്തകരാണ്. അതില്‍ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേയും മറ്റൊരാള്‍ സ്വകാര്യ ആശുപത്രിയിലേയും ആരോഗ്യ പ്രവര്‍ത്തകരാണെന്നും മന്ത്രി വിശദീകരിച്ചു.
ഹൈ റിസ്ക്ക് ആയിട്ടുള്ള 20 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും. കോഴിക്കോട് മെഡിക്കല്‍ കോളജിലെ പേ വാര്‍ഡ്, നിപ വാര്‍ഡാക്കി മാറ്റി. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സമ്പര്‍ക്കപട്ടികയിലുള്ളവരെ ഇവിടേയ്ക്ക് മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പരിശോധനയ്ക്ക് സംവിധാനം ഒരുക്കും. നാളെ വൈകുന്നേരത്തിനുള്ളില്‍ ഇതിനുള്ള സംവിധാനം ഒരുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പോസിറ്റീവാണെന്ന് കണ്ടെത്തിയാല്‍ കണ്ഫേര്മേറ്റീവ് ടെസ്റ്റ് നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഐ.സി.എം.ആറിനോട് പുതിയ മോണോക്ലോണല്‍ ആന്റിബോഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴ് ദിവസത്തിനുള്ളില്‍ ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആവശ്യത്തിന് മരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രത്യേക കണ്ട്രോള് റൂം ആരംഭിച്ചതായും മന്ത്രി പറഞ്ഞു. കൊവിഡ് കണ്ട്രോള് റൂമിന് പുറമേയാണിത്. വിവരങ്ങള്‍ അറിയുന്നതിനായി ജനങ്ങള്‍ക്ക് ഈ സമ്പറുകളില്‍ (0495-2382500, 0495-2382800) ബന്ധപ്പെടാം.