അജ്ഞാത രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള തീവ്രപരിശ്രമത്തിലാണ് ആരോഗ്യവകുപ്പ്. എന്നാല്‍ ഇതിനിടെ കൂടുതല്‍ പേരിലേക്ക് രോഗം പടരുന്നത് ആശങ്കജനകമാണ്. 12 കുട്ടികള്‍ കൂടി കഴിഞ്ഞ ദിവസങ്ങളില്‍ മരണത്തിന് കീഴടങ്ങി. ഇതോടെ ഒരാഴ്ചയ്‌ക്കുള്ളില്‍ അജ്ഞാതരോഗം ബാധിച്ച് മരിച്ച ആളുകളുടെ എണ്ണം 68 ആയി. മരിച്ച കുട്ടികളില്‍ ഭൂരിഭാഗവും 8 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ളവരാണ്. ഫിറോസാബാദ് മെഡിക്കല്‍ കോളേജിലേ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 135 കുട്ടികളില്‍ 72 കുട്ടികളുടെ സ്ഥിതി അതീവഗുരുതര മാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ട്.
മരിച്ചവരില്‍ ചിലര്‍ക്ക് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നുവെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. നിര്‍ജ്ജലീകരണം ,കടുത്ത പനി, രക്തത്തില്‍ പ്ലേറ്റ്‌ലെറ്റുകളുടെ കുറവ് തുടങ്ങിയ വിവിധ ലക്ഷണങ്ങളും രോഗികള്‍ക്കുണ്ടായിരുന്നതായി ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട് . ആഗ്ര,മഥുര,മെയിന്‍പുരി ഉള്‍പ്പടെ ജില്ലകളിലും ധാരാളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.